മാ​ഞ്ഞൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങാ​ന്‍ എ​ത്ര​കാ​ലം കാ​ത്തി​രി​ക്ക​ണം..!
Thursday, July 24, 2025 7:29 AM IST
ക​ടു​ത്തു​രു​ത്തി: മാ​ഞ്ഞൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കാ​ന്‍ വൈ​കു​ന്നു. പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് ക​ല്ല​റ പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലുണ്ടാ​യി​രു​ന്ന 30 സെ​ന്‍റ് സ്ഥ​ല​വും 37 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ച്ച 2250 ച​തു​ര​ശ്ര​യ​ടി കെ​ട്ടി​ട​വും ആ​ഭ്യ​ന്ത​ര വ​കു​പ്പി​നു കൈ​മാ​റി​യി​ട്ടു മൂ​ന്നു വ​ര്‍​ഷ​മാ​യി.

കെ​ട്ടി​ട​ത്തി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ല്‍​ വ​ന്ന കാ​ല​താ​മ​സ​മാ​ണ് സ്റ്റേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​നം വൈ​കാ​നി​ട​യാ​ക്കു​ന്ന​ത്. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി കെ​ട്ടി​ട​ത്തി​ന്‍റെ പ​രി​ശോ​ധ​ന ന​ട​ത്തി. കെ​ട്ടി​ടം പോ​ലീ​സ് സ്റ്റേ​ഷ​ന് അ​നു​യോ​ജ്യ​മാ​ണെ​ന്ന റി​പ്പോ​ര്‍​ട്ടും ന​ല്‍​കി.
കെ​ട്ടി​ട​ത്തി​ല്‍ പ്ര​തി​ക​ളെ സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള സെ​ല്‍, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള മു​റി​ക​ള്‍, ഓ​ഫീ​സ് മു​റി, ശൗ​ചാ​ല​യം, ഓ​ഫീ​സ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ ഒ​രു​ക്കു​ന്ന​തി​നു​ള്ള എസ്റ്റി മേ​റ്റ് എ​ടു​ക്കു​ക​യും ആ​ഭ്യ​ന്ത​ര വ​കു​പ്പി​നു കൈ​മാ​റു​ക​യും ചെ​യ്തി​ട്ട് ഒ​രു​വ​ര്‍​ഷം ക​ഴി​ഞ്ഞു.

സി.​കെ. ആ​ശ എം​എ​ല്‍​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​നഫ​ണ്ടി​ല്‍​നി​ന്ന് അ​നു​വ​ദി​ച്ച പ​ണം ഉ​പ​യോ​ഗി​ച്ച് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​നു​ള്ള ഭ​ര​ണാ​നു​മ​തി ന​ല്‍​കി​ക്കൊ​ണ്ടു​ള്ള സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ക​ഴി​ഞ്ഞ​മാ​സം പു​റ​ത്തി​റ​ങ്ങി. എം​എ​ല്‍​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് ല​ഭ്യ​മാ​യ​തോ​ടെ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഉ​ള്‍​പ്പെടെ​യു​ള്ള​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.