കോട്ടയം: 50 ലക്ഷം കുടുംബങ്ങളെ കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മിഷന് 50 പ്ലസ് കാമ്പയിന് സംഘടിപ്പിക്കും. ജില്ലയില്‍ നിലവില്‍ 15,627 അയല്‍ക്കൂട്ടങ്ങളിലായി 2,32,303 അംഗങ്ങളാണുള്ളത്. നിലവില്‍ 48 ലക്ഷം കുടുംബങ്ങള്‍ കുടുംബശ്രീയുടെ ഭാഗമായിട്ടുണ്ട്.
നിര്‍ജീവമായ അയല്‍ക്കൂട്ടങ്ങളെ സജീവമാക്കുക, കൊഴിഞ്ഞുപോയ അയല്‍ക്കൂട്ടങ്ങളെ തിരികെ കൊണ്ടുവരിക, ഇതുവരെ അയല്‍ക്കൂട്ടങ്ങളില്‍ അല്ലാത്ത കുടുംബങ്ങളെ ചേര്‍ക്കുക, പ്രത്യേക അയല്‍ക്കൂട്ട രൂപീകരണം എന്നിവ ലക്ഷ്യമിടുന്നു. എഡിഎസുകളുടെ നേതൃത്വത്തിലാണ് കാമ്പയിന് നടക്കുന്നത്.
941 ഗ്രാമ സിഡിഎസ് കുടുംബങ്ങള്‍ ഉള്‍പ്പെടെ 1070 സിഡിഎസുകളാണ് കുടുംബശ്രീയിലുള്ളത്. അയല്‍ക്കൂട്ടങ്ങള്‍ ഗണ്യമായി കുറവുള്ള തീരദേശ മേഖല, ആദിവാസി മേഖല, ഭാഷാ ന്യൂനപക്ഷമായ തമിഴ്, കന്നഡ മേഖലകള്‍, അയല്‍ക്കൂട്ടങ്ങള്‍ കുറവുള്ള സിഡിഎസ് എന്നിവിടങ്ങളില്‍ പ്രത്യേക പരിഗണന നല്‍കിയാണ് ഈ കാമ്പയിന് സംഘടിപ്പിക്കുന്നത്.
കാമ്പയിനിന്റെ ഭാഗമായി ഇതുവരെ അയല്‍ക്കൂട്ടത്തില്‍ അംഗത്വം എടുക്കാത്തവരുടെയും കൊഴിഞ്ഞുപോയ അംഗങ്ങളുടെയും വീടുകളില്‍ നേരിട്ട് സന്ദര്‍ശനം നടത്തും. ജില്ലയിലെ അര്‍ഹരായ എല്ലാ കുടുംബങ്ങളെയും സംഘടനയുടെ ഭാഗമാക്കുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ജില്ലാ സിഡിഎസുകളില്‍ നടക്കുന്നുണ്ട്.
കുടുംബശ്രീ അടുക്കളവിഭവങ്ങള്
വീട്ടില്‍ എത്തിക്കും
കോട്ടയം: ഓണത്തിന് അടുക്കളയിലേക്ക് വേണ്ട ഏഴിനം വിഭവങ്ങളുടെ കിറ്റ് കുടുംബശ്രീ വീട്ടുവാതിലില്‍ എത്തിച്ചുതരും. കുടുംബശ്രീ ഉത്പന്നങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കാനുള്ള മൊബൈല്‍ ആപ് 'പോക്കറ്റ് മാര്‍ട്ട്' ഓഗസ്റ്റ് അവസാനം സജ്ജമാകും. ഇതോടെ കേരളത്തിലെവിടെയും കുടുംബശ്രീ ഉത്പന്നങ്ങള്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാം.
ചിപ്സ്, ശര്‍ക്കരവരട്ടി, പായസം മിക്സ്, സാമ്പാര്‍ മസാല, മുളകുപൊടി, മല്ലിപ്പൊടി, വെജ് മസാല, മഞ്ഞള്‍പ്പൊടി എന്നിവയടങ്ങിയ അയ്യായിരം കിറ്റുകളുമായാണ് പോക്കറ്റ് മാര്‍ട്ട് എത്തുന്നത്. നിലവില്‍ ഓണ്‍ലൈനിലല്ലാതെ പോക്കറ്റ് മാര്‍ട്ട് പ്രവര്‍ത്തിക്കുന്നുണ്ട്.
കുടുംബശ്രീയുടെ വിവിധ സേവനങ്ങളും ആപ്പില്‍ ലഭ്യമാകും. അവശതയുള്ളവര്‍ക്ക് പരിചരണം നല്കുന്ന കെഫോര്‍ കെയര്‍ പദ്ധതിയിലെ വോളണ്ടിയര്‍മാരുടെ സേവനം ബുക്ക് ചെയ്യാം. അടുക്കളക്കാര്യം മുതല്‍ പ്രസവശുശ്രൂഷ വരെയുള്ള സഹായവും തേടാം. പ്രീമിയം കുടുംബശ്രീ കഫേകളും ജനകീയ ഹോട്ടലുകളും ആപ്പില്‍ മാപ്പ് ചെയ്യും. യാത്രക്കാര്‍ക്ക് അടുത്തുള്ള കുടുംബശ്രീ കഫേകള്‍ ആപ്പിലൂടെ കണ്ടെത്താം.