കോട്ടയം: ഏതുതരം പനിയായാലും സ്വയം ചികിത്സ ഒഴിവാക്കി ആശുപത്രികളില്‍ എത്തി ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ. മാസത്തില്‍ ഇതുവരെ 8004 പേര് പനി ബാധിച്ച് ചികിത്സ തേടിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 10 ഡെങ്കിപ്പനി കേസുകളും 14 എലിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ലയില്‍ ചിലയിടത്ത് ഇന്‍ഫ്ളുവന്‍സ വിഭാഗത്തില്‍പ്പെട്ട വൈറല്‍ പനിയും കണ്ടുവരുന്നുണ്ട്.
വൈറല്‍ പനി പടരാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഗര്‍ഭിണികള്‍, കിടപ്പുരോഗികള്‍, മറ്റു ഗുരുതര രോഗമുള്ളവര്‍, കുട്ടികള്‍ തുടങ്ങിയവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ജലദോഷം, ചുമ, പനി, തൊണ്ടവേദന, തലവേദന, ശരീരവേദന, ക്ഷീണം, വിറയല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറയ്ക്കുക, കൈകള്‍ സോപ്പിട്ട് കൂടെക്കൂടെ കഴുകുക, മാസ്ക് ഉപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക, പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം. പകര്‍ച്ചപ്പനി ബാധിതരായ കുട്ടികളെ സ്കൂളില്‍ വിടരുത്. വീട്ടില്‍ വിശ്രമിക്കുകയും ആവശ്യത്തിനു വെള്ളം കുടിക്കുകയും പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുകയും വേണം.
എലിപ്പനി കേസുകളും കൂടിവരുന്നതിനാല്‍ മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും തൊഴിലുറപ്പ് ജോലികള്‍ ചെയ്യുന്നവരും പ്രതിരോധ ഗുളികയായ ഡോക്സി സൈക്ലിന്‍ ജോലിക്ക് ഇറങ്ങുന്നതിന്റെ തലേദിവസം ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കഴിക്കണം.
ആറു മുതല്‍ എട്ട് ആഴ്ചവരെ ആഴ്ചയിലൊരിക്കല്‍ 100 മില്ലി ഗ്രാമിന്റെ രണ്ടു ഗുളികവീതം തുടര്‍ച്ചയായി കഴിക്കാം. ഓടകളിലും തോടുകളിലും വയലുകളിലും ഇറങ്ങി ജോലി ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഡെങ്കിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവയ്ക്കെതിരേയും ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.