തൃശൂർ: റോഡപകടങ്ങളും മരണങ്ങളും തുടർന്നിട്ടും ജില്ലാ ഭരണകൂടത്തിന്റെയും മേയറുടെയും മൗനം ക്രൂരതയെന്നു ഡിസിസി പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷനേതാവുമായ അഡ്വ. ജോസഫ് ടാജറ്റ്.
അപകടമരണങ്ങളുണ്ടായിട്ടും ഗതാഗതക്കുരുക്കിൽ ജനം ബുദ്ധിമുട്ടിയിട്ടും നടപടിയില്ല. ജില്ലാ കളക്ടറുടെ മൂക്കിനുതാഴെയാണ് ഏബൽ ചാക്കോ എന്ന യുവാവ് മരിച്ചത്. ദേശീയപാതകളും സംസ്ഥാന, ജില്ലാ, പഞ്ചായത്ത് റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞു സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. ജനജീവിതം താറുമാറായി.
റോഡ് തകർച്ച, ഗതാഗതക്കുരുക്ക് എന്നിവയ്ക്കെതിരേ ജില്ലാതലത്തിൽ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി തൃശൂർ പുഴയ്ക്കൽ ജംഗ്ഷനിൽ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ടാജറ്റ്.
മണ്ഡലം പ്രസിഡന്റ് കെ. സുരേഷ് കുമാർ, എ. പ്രസാദ്, രാജൻ ജെ. പല്ലൻ, സിജോ കടവിൽ, രവി താണിക്കൽ, ഫ്രാൻസിസ് ചാലിശേരി, കൗണ്‍സിലർമാരായ കെ. രാമനാഥൻ, എ.കെ. സുരേഷ് കുമാർ, ലാലി ജെയിംസ്, മേഫി ഡെൽസണ്‍, സുനിത വിനു, സുനിൽരാജ്, വിനീഷ് തയ്യിൽ, സിന്ധു ചാക്കോള, റെജി ജോയ് എന്നിവർ പ്രസംഗിച്ചു.