തൃശൂർ: മനക്കൊടിയിലെ സാധന സെന്റർ ഫോർ ക്രിയേറ്റീവ് പ്രാക്ടീസ്, തൃശൂർ ഫോർത്ത് വാൾ വേൾഡ് പ്രീമിയർ എന്നിവർ സംയുക്തമായി "ഊരാളി സിർക്കോ' രംഗാവതരണം 24നു വൈകീട്ട് ഏഴിനു സംഗീത നാടക അക്കാദമി റീജണൽ തിയേറ്ററിൽ നടത്തും. സർക്കസിന്റെ സാധ്യതകളും സംഗീതവും കൂട്ടിയിണക്കി ഊരാളി സംഗീത ബാൻഡിലെ മാർട്ടിൻ ഊരാളി, സജി ഊരാളി, സുധീഷ് ഊരാളി, ഷാജി ഊരാളി, മല്ലു പി. ശേഖർ എന്നിവരാണു വേദിയിലെത്തുന്നത്. ലാറ്റിനമേരിക്കൻ സർക്കസ് നാടക കലാകാരിയായ ഇൻഗ്രിദ് ഫ്ളോറെസിന്റെ പരിശീലനത്തിലാണ് ആദ്യാവതരണം.
ഇരുപതുവർഷങ്ങളായി ഇന്ത്യക്കകത്തും പുറത്തുമായി വിവിധ കലാപ്രവർത്തനങ്ങൾ നടത്തിവരുന്ന സാധന സെന്റർ ഫോർ ക്രിയേറ്റീവ് പ്രാക്ടീസ് കോഫി ഗുരു, ഇൻ എ കംപാർട്ട്മെന്റ, ഓവർ എ കപ്പ് ഓഫ് ടീ, ആഫ്റ്റർ ദ സൈലൻസ്, ഓടിച്ചോടിച്ച് ഒരു ബസ് നാടകം എന്നീ നാടകാവതരണങ്ങൾക്കു പുറമേ ഊരാളി പാട്ടും പറച്ചിലും എന്ന സംഗീതപരിപാടിയും അറുനൂറോളം വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. ലോകത്താദ്യമായി യാത്രാബസ് ഇരുവശത്തും തുറക്കാവുന്ന അവതരണ ഇടമാക്കി മാറ്റിയാണ് ഊരാളി കലാസഞ്ചാരം നടത്തിയത്.
സർക്കസ്, തിയേറ്റർ, മ്യൂസിക്, പെയിന്റിംഗ് എന്നീ വിവിധ കലാവിഭാഗങ്ങൾ ഒരുമിച്ച് ചേരുന്നതാണ് ഊരാളി സർക്കോ. സസ്പെൻഷൻ കാപ്പിലാർ എന്നറിയപ്പെടുന്ന ഹെയർ ഹാംഗിംഗ് പരിപാടി മുഖ്യ സവിശേഷതയാണ്. ഒന്നരമണിക്കൂർ ദൈർഘ്യമുള്ള പരിപാടിക്ക് 250 രൂപയുടെ പാസുകൾ ഓണ്ലൈനിലും നേരിട്ടും ലഭിക്കും.
സംഗീത നാടക അക്കാദമിയിലെ പ്രീമിയർ ഷോയ്ക്കുശേഷം ലോകവ്യാപകമായും അവതരിപ്പിക്കും. കേരളത്തിൽനിന്നു ലോക കലാരംഗത്തേക്ക് ആനുകാലികമായ പ്രവേശനത്തിനു ലക്ഷ്യംവച്ചുള്ള ഈ അവതരണത്തിൽ വ്യത്യസ്തങ്ങളായ റോക്ക്, റെഗ്ഗെ, ഫോക്, റാപ്പ്, ഇലക്ട്രോണിക്, ലാറ്റിൻ ശൈലികളിലുമുള്ള പാട്ടുകളും തിയേറ്റർ ക്ലൗണിംഗും ഇടകലർത്തിയിരിക്കുന്നു. കെ.ജി. ആന്റോ, ജോസ് കോശി, ഡിവിൻക്, ജോണി, ഡയാന റോഡ്രിഗസ് എന്നിവരാണു പരിപാടിയുടെ അണിയറക്കാർ. ഫോണ്: 7558049381.
വാർത്താസമ്മേളനത്തിൽ മാർട്ടിൻ ഊരാളി, സജി ഊരാളി, സന്ദീപ്, ഇൻഗ്രിദ് ഫളോറെസ്, ഡയാന റോഡ്രിഗസ് എന്നിവർ പങ്കെടുത്തു.