Charity
ഓമനയ്ക്ക് സഹായവർഷം; നന്ദിയറിയിച്ച് കുടുംബം
ഓമനയ്ക്ക് സഹായവർഷം; നന്ദിയറിയിച്ച് കുടുംബം
Thursday, December 20, 2018 4:44 PM IST
കാൽ നൂറ്റാണ്ടായി ആശുപത്രിവാസം മാത്രമായ പാലാ പ്രവിത്താനം സ്വദേശി മുരിങ്ങയിൽ എം.ജെ.ജോസിന്‍റെ കുടുംബത്തിന് ദീപിക ഡോട്ട്കോം വായനക്കാരുടെ സഹായവർഷം. കുടുംബത്തിന്‍റെ ബുദ്ധിമുട്ട് വായിച്ചറിഞ്ഞ സുമനസുകൾ അകമഴിഞ്ഞ സഹായമാണ് നൽകിയത്. ജോസിന്‍റെ ഭാര്യ ഓമനയുടെ ചികിത്സകൾക്കായി 3,11,801 രൂപയാണ് വായനക്കാരിൽ നിന്നും ലഭിച്ചത്. രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടർ റവ.ഡോ.മാണി പുതിയിടം തുക ജോസിന് കൈമാറി.

ആശുപത്രിയും വീടുമായി ജീവിതം തള്ളി നീക്കുന്ന കുടുംബമാണ് ജോസിന്‍റേത്. 1993ലാണ് ദന്പതികൾക്ക് ആൺകുഞ്ഞ് പിറക്കുന്നത്. 11 മാസം കഴിഞ്ഞപ്പോൾ മുതൽ കുഞ്ഞ് അസാധാരണമായി അസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെയാണ് ഇവരുടെ ജീവിതം താളംതെറ്റി തുടങ്ങിയത്. കുട്ടി നിർത്താതെ കരയുന്ന അവസ്ഥയിലായതോടെ അവനെ ആശുപത്രിയിൽ കാണിച്ചു. ആദ്യം കാണിച്ച ആശുപത്രികൾ എല്ലാം കൈയൊഴിഞ്ഞതോടെ കോട്ടയം മെഡിക്കൽ കോളജിൽ അഭയം തേടി.

എന്നാൽ 85 ദിവസം മെഡിക്കൽ കോളജിൽ കിടന്നിട്ടും കുഞ്ഞിന്‍റെ രോഗം കണ്ടെത്താൻ പോലും ഡോക്ടർമാർക്ക് കഴിഞ്ഞില്ല. അവർ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ വിദഗ്ധ ഡോക്ടർമാരെ കാണിക്കാൻ നിർദ്ദേശിച്ചു. വെല്ലൂരിലെ പരിശോധനയിൽ കുഞ്ഞിന് കരളിൽ കുരുക്കളുണ്ടാകുന്ന ഗുരുതര രോഗമാണെന്ന് മനസിലായി.

ഇല്ലായ്മകൾ എല്ലാം മറന്ന് കിടപ്പാടം വരെ വിറ്റു ദന്പതികൾ കുഞ്ഞിനെ ചികിത്സിച്ചു. 1993 മുതൽ 2004 വരെ 11 വർഷം ചികിത്സിച്ചതു വഴി കുട്ടിയുടെ രോഗം മാറി. വെല്ലൂരിലെ ദീർഘകാലത്തെ ചികിത്സയ്ക്ക് വന്ന ഭാരിച്ച ചിലവ് കുടുംബത്തെ ദാരിദ്രത്തിലാക്കി. കിടപ്പാടം വരെ വിൽക്കേണ്ടി വന്നു.

കുഞ്ഞിന്‍റെ ആരോഗ്യം വീണ്ടെടുത്ത് ജീവിതം വീണ്ടും ഒന്നിൽനിന്നും തുടങ്ങാൻ ശ്രമിക്കുന്നതിനിടെ ഭാര്യ ഓമന രോഗിയായത് കുടുംബത്തെ വീണ്ടും തളർത്തി. നട്ടെല്ലിന് അകൽച്ചയുണ്ടാകുന്ന രോഗത്തിലായിരുന്നു തുടക്കം. പുറമേ പ്രമേഹവും സന്ധിവാതവും പിടിപെട്ടു. ഇരുകാലുകളും നീരുവന്നു മൂടിയതോടെ ഓമനയ്ക്ക് നടക്കാൻ പോലും കഴിയാത്ത അവസ്ഥയായി.



എറണാകുളം അമൃത ആശുപത്രിയിലെ പരിശോധനയിൽ ഓമനയ്ക്ക് എല്ലുപൊടിയുന്ന രോഗമാണെന്ന് ഡോക്ടർമാർ കണ്ടെത്തി. ഇതിന് പുറമേ ശരീരത്തിൽ രക്തത്തിന്‍റെ അളവ് കുറയുകയും ഗർഭപാത്രത്തിൽ മുഴയും മൂക്കിനുള്ളിൽ ദശവളരുന്ന രോഗവും പിടിപെട്ടു. ഇതോടെ മൂന്ന് ശസ്ത്രക്രിയകൾക്ക് അവരെ വിധേയരാക്കി. ചികിത്സകൾ മുന്നോട്ടുപോകുന്നതിനിടെ ഓമനയുടെ നെഞ്ചിൽ പഴുപ്പ് കെട്ടികിടക്കുന്നുവെന്ന് ഡോക്ടർമാർ കണ്ടെത്തി. ഇതോടെ വലത് സ്തനം നീക്കം ചെയ്യേണ്ടി വന്നു.

ഇതിനൊക്കെ പിന്നാലെയാണ് അരയ്ക്ക് താഴോട്ട് രക്തയോട്ടം ഇല്ലാത്ത അവസ്ഥ വന്നത്. ഇതോടെ കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടു. കാലുകളിലെ ഞരന്പുകൾ ബ്ലോക്കാകുന്നതാണെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. ഇതിനായി അടിയന്തരമായി ശസ്ത്രക്രിയയാണ് നിർദ്ദേശിച്ചത്.

ഓമനയുടെ ചികിത്സകൾക്ക് മാത്രം 15 ലക്ഷം രൂപയാണ് കുടുംബം കണ്ടെത്തേണ്ടി വന്നത്. കുഞ്ഞിന്‍റെ ചികിത്സകൾക്ക് പിന്നാലെ അമ്മ കൂടി രോഗിയായതോടെ കുടുംബം പെരുവഴിയിലായി. കൂലിപ്പണിക്കാരനായ ജോസും കുടുംബവും 17 വർഷമായി വാടക വീട്ടിലാണ് കഴിയുന്നത്.

സുഹൃത്തുക്കളും നാട്ടുകാരും ഒക്കെ സഹായിച്ചാണ് ഇതുവരെ മുന്നോട്ടുപോയത്. വീട്ടുവാടകയും നിത്യചിലവും പോലും കണ്ടെത്താൻ വിഷമിക്കുന്ന കുടുംബം ഓമനയുടെ തുടർ ചികിത്സകൾക്കും കുടുംബത്തിന്‍റെ നിലനിൽപ്പിനുമായി സുമനസുകളുടെ സഹായം അഭ്യർഥിക്കുകയായിരുന്നു.