വൃക്ക രോഗത്താൽ വലഞ്ഞ കൊന്നത്തടി പെ​രി​ഞ്ചാംകു​ട്ടി കി​ഴ​ക്ക​യി​ൽ പ്രിൻസ് മാത്യൂവിനും കുടുംബത്തിനും ദീപിക ഡോട്ട്കോം വായനക്കാരുടെ സഹായഹസ്തം. പ്രിൻസിന്‍റെ ദുരിതമറിഞ്ഞ് വായനക്കാർ നൽകിയ 68,810 രൂപ രാഷ്ട്രദീപിക ചീഫ് ഫിനാൻഷ്യൽ ഓഫീസർ എം.എം.ജോർജ് കുടുംബത്തിന് കൈമാറി. പ്രിൻസിന്‍റെ സഹോദര പുത്രനാണ് തുക ഏറ്റുവാങ്ങിയത്.

കൃഷിയും കന്നുകാലി വളർത്തലും ഒക്കെയായി അഞ്ച് വയസുകാരി മകളെയും ഭാര്യയെയും സംരക്ഷിച്ചുപോന്ന പ്രിൻസ് അപ്രതീക്ഷിതമായാണ് രോഗത്തിന്‍റെ പിടിയിലായത്. രണ്ടു വൃക്കകളും തകരാറിലായതോടെ ഭാരിച്ച ചിലവും ചികിത്സകൾക്ക് വേണ്ടിവന്നു. ഇതോടെയാണ് സുമനസുകളുടെ സഹായം തേടിയത്.

വൃക്കകൾ തകർന്ന പ്രിൻസിന് അടിയന്തര വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നത്. നിത്യചിലവ് മാത്രം കണ്ടെത്തി ജീവിതം മുന്നോട്ടുപോയ കുടുംബം ചികിത്സയ്ക്കായി 15 ലക്ഷം രൂപ വേണമെന്ന് അറിഞ്ഞതോടെ മാനസികമായി തളർന്നു.

വൃക്ക നൽകാൻ പ്രിൻസിന്‍റെ പിതൃസഹോദരന്‍റെ ഭാര്യ ഷീന തയാറായിരുന്നെങ്കിലും ചികിത്സാ ചിലവായിരുന്നു ചോദ്യചിഹ്നം. യുവാവിന്‍റെ ബുദ്ധിമുട്ടുകൾ മനസിലാക്കി നല്ലവരായ നാട്ടുകാരും കുടുംബത്തെ സഹായിക്കാൻ മുന്നോട്ടുവന്നിരുന്നു.