വൃക്കരോഗത്തോട് പടപൊരുതിയ ജോബിൻ ഒടുവിൽ മരണത്തിന് കീഴടങ്ങി. ജോബിനെ പുതുജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ നിരവധി സുമനസുകൾ സഹായിച്ചെങ്കിലും മരണത്തെ തടഞ്ഞുനിർത്താനായില്ല. മേയ് 20ന് പുലർച്ചെ വേദനകളില്ലാത്തെ ലോകത്തേയ്ക്ക് ആ യുവാവ് യാത്രയായി.

അപ്രതീക്ഷിതമായി രോഗം തളർത്തിയ യുവാവായിരുന്നു ജോബിൻ. കുറുപ്പന്തറ കൊച്ചുകുടിയിൽ ബാബു പോളിന്‍റെ മൂന്ന് മക്കളിൽ ഒരുവൻ. തമിഴ്നാട്ടിലെ പെരിയകുളത്ത് ഹോട്ടൽ മാനേജ്മെന്‍റ് പഠനത്തിനിടെ സാധാരണപോലെ തളർച്ച തോന്നി ആശുപത്രിയിൽ എത്തിയപ്പോഴാണ് ഗുരുതര വൃക്കരോഗമാണെന്ന് വ്യക്തമായത്.

പിന്നീട് ഒരു വർഷത്തോളം നീണ്ടുനിന്ന ഡയാലിസിസും മറ്റ് ചികിത്സകളുമായി ജോബിൻ ഭേദപ്പെട്ട നിലയിൽ എത്തിയിരുന്നു. വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നത്. എന്നാൽ അതിനൊന്നും മരണം കാത്തുനിന്നില്ല.

ജോബിൻ രോഗക്കിടക്കയിലായതിന് പിന്നാലെ അമ്മ റീനയ്ക്ക് സ്താനാർബുദം ബാധിച്ചത് കുടുംബത്തെ തളർത്തി. ഇരുവരുടെയും ചികിത്സകൾക്ക് ഭാരിച്ച തുക കണ്ടെത്തേണ്ടി വന്നതോടെയാണ് കുടുംബം ദീപിക ഡോട്ട്കോം വഴി സുമനസുകളുടെ സഹായം തേടിയത്.

രോഗം തളർത്തിയ കുടുംബത്തിന് വായനക്കാരുടെ അകമഴിഞ്ഞ സംഭാവനയുണ്ടായി. കുടുംബത്തിനായി ലഭിച്ച 2,41,089 രൂപ രാഷ്ട്രദീപിക ലിമിറ്റഡ് എംഡി ഫാ.മാത്യു ചന്ദ്രൻകുന്നേൽ ജോബിന്‍റെ പിതാവ് ബാബു പോളിന് കൈമാറി.

ജോബിന്‍റെ മരണം കുടുംബത്തെ ദുഃഖത്തിലാഴ്ത്തിയെങ്കിലും റീനയുടെ ചികിത്സകൾ തുടരുകയാണ്. ജോബിനെ കൂടാതെ രണ്ടു മക്കൾ കൂടി ബാബുവിനുണ്ട്. വായനക്കാരുടെ സ്നേഹ സഹായങ്ങൾക്ക് ബാബുവും കുടുംബവും നന്ദി അറിയിച്ചു.