കോട്ടയം: ദീപിക വായനക്കാരോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല, എങ്കിലും എല്ലാവർക്കും ഹൃദയപൂർവം നന്ദി... ഇതു പറയുന്പോൾ കോട്ടയം കൂരോപ്പട ളാക്കാട്ടൂർ കാരാട്ട് വീട്ടിൽ ടി.കെ.സുരേഷ്കുമാറിന്‍റെയും ഭാര്യ സ്മിതയുടെയും കണ്ണുകൾ നിറഞ്ഞിരുന്നു.

സുരേഷിന്‍റെ ഇരു വൃക്കകളുടെയും പ്രവർത്തനം പൂർണമായും നിലച്ചതിനെത്തുടർന്ന് വൃക്കമാറ്റിവയ്ക്കാൻ നിർദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ. ഇതിനുള്ള സഹായം തേടുന്നതിനിടയിലാണ് ദീപിക ചാരിറ്റബിൾ ട്രസ്റ്റ് വഴി വായനക്കാരുടെ സഹായം സുരേഷിനെ തേടിയെത്തിയത്. ദീപിക ഡോട്ട് കോം വഴി സുരേഷിന്‍റെ കാര്യം അറിഞ്ഞ വായനക്കാർ നൽകിയ സഹായം കഴിഞ്ഞ ദിവസം സുരേഷിനും കുടുംബത്തിനും കൈമാറി.

കോട്ടയത്ത് ദീപിക കോർപറേറ്റ് ഓഫീസിൽ രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ റവ.ഡോ.മാണി പുതിയിടം 81,500 രൂപയുടെ ചെക്ക് സുരേഷിനു കൈമാറി. ജനറൽ മാനേജർ (പ്രൊഡക്ഷൻ) ഫാ.അഗസ്റ്റിൻ കിഴക്കയിൽ, ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഡോ.താർസിസ് ജോസഫ്, ചീഫ് ഫിനാൻസ് ഓഫീസർ എം.എം.ജോർജ്, അക്കൗണ്ട്സ് എക്സിക്യൂട്ടീവ് എം.എം.ജോസ്, എം.കെ.ബാലഗോപാലൻ നായർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.