നഗരത്തിലെ സ്വകാര്യ ബസുകളില്‍ ആര്‍ടിഒയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയപ്പോള്‍.
കാക്കനാട്: ജില്ലയിലെ വിവിധ മേഖലകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ 382 സ്വകാര്യ ബസുകൾക്കെതിരേ നടപടി. വിവിധ നിയമലംഘനങ്ങൾ നടത്തിയ ബസുകളിൽ നിന്ന് 2,41,344 രൂപ പിഴയിനത്തിൽ ഈടാക്കി.
ഹൈക്കോടതി നിർദേശത്തിനു പുറമെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം, അപകടകരമായ ഡ്രൈവിംഗ്, മറ്റ് നിയമലംഘനങ്ങൾ എന്നിവ സംബന്ധിച്ച് പൊതുജനങ്ങളിൽനിന്ന് ലഭിച്ച പരാതികളുടെയും അടിസ്ഥാനത്തിലുമാണ് ആർടിഒ എൻഫോഴ്സസ്മെന്റ് വിഭാഗം ജില്ലയിൽ പ്രത്യേക പരിശോധനകൾ സംഘടിപ്പിച്ചത്. ആലുവ, കളമശേരി, കാക്കനാട്, തൃപ്പൂണിത്തുറ, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി മേഖലകളിലായി അഞ്ച് സ്ക്വാഡുകൾ നടത്തിയ പരിശോധനയിലാണ് ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയത്.
സ്പീഡ് ഗവേണർ പ്രവർത്തന രഹിതമാക്കിയ കുറ്റത്തിന് 28 കേസുകളും യാത്രക്കാരുടെ സുരക്ഷയെ നേരിട്ട് ബാധിക്കുന്ന നിയമലംഘനങ്ങൾക്കും ലൈസൻസ് ഇല്ലാത്ത കുറ്റത്തിനും മറ്റുമായി 89 കേസുകളുമാണ് എടുത്തിട്ടുള്ളത്. ജിപിഎസ് ഇല്ലാത്തവ, ഡോർഷട്ടറുകൾ തുറന്നിട്ടുള്ള ഡ്രൈവിംഗ്, സ്പോട് മിറർ ഇല്ലാത്തത് തുടങ്ങിയ നിയമലംഘനങ്ങൾക്ക് 117 ബസുകൾക്കെതിരേയും നടപടി എടുത്തതായി അധികൃതർ അറിയിച്ചു. ഡോർ തുറന്നിട്ടതിന് 55 ബസുകളാണ് പിടിയിലായത്.
അമിതവേഗതക്കെതിരേ ഒന്‍പത് കേസുകളും ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് ഏഴും ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 14 കേസുകളും ട്രിപ്പ് കർട്ടൈൽമെന്റിന് 17 കേസുകളും രജിസ്റ്റർ ചെയ്തു. അനുവദിച്ച സ്റ്റോപ്പുകളിൽ നിർത്താതെ യാത്രക്കാരെ വഴിയിൽ ഇറക്കിയതിനു 14 ബസുകൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.
പെർമിറ്റില്ലാത്തതിന് 12 കേസുകളും ഇൻഷുറൻസ് ഇല്ലാതെ സർവീസ് നടത്തിയതിന് രണ്ടു ബസുകൾക്കും പിഴയിട്ടു. എയർ ഹോൺ ഉപയോഗം, അനാവശ്യ ലൈറ്റുകൾ, ഡ്രൈവിംഗിനിടെ പുകയില ചവയ്ക്കൽ തുടങ്ങിയ നിയമലംഘനങ്ങളും പരിശോധനയിൽ കണ്ടെത്തി.
റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന നിയമലംഘനങ്ങൾക്കെതിരേ കർശന നടപടികൾ തുടരുമെന്നും പൊതുജനങ്ങൽ നിന്നുള്ള പരാതികൾക്ക് ആവശ്യമായ പരിഗണന നൽകി പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും എൻഫോഴ്സ്മെന്റ് ആർടിഒ ബിജു ഐസക് അറിയിച്ചു.
Tags : 382 buses Nattuvishesham DistrictNews