വൈക്കം ജെട്ടിയില്‍ നിന്നും സീ വൈക്കം ഉല്ലാസ യാത്രയ്ക്ക് സോളാര്‍ ബോട്ട് യാത്രക്കാരുമായി പുറപ്പെടുന്നു.
വൈക്കം: ഉള്‍നാടന്‍ ജലാശയങ്ങളിലെ വിനോദ സഞ്ചാര സാധ്യത വര്‍ധിപ്പിക്കുന്നതിനും മിതമായ നിരക്കില്‍ സാധാരണക്കാര്‍ക്കും വിനോദയാത്ര ഉറപ്പാക്കാന്‍ ജലഗതാഗത വകുപ്പിന്റെ വൈക്കം സ്റ്റേഷന് ആരംഭിച്ച വൈക്കം-പാലാക്കരി അക്വാടൂറിസം സെന്റർ, സി വൈക്കം ഉല്ലാസയാത്ര എന്നിവ ജനപ്രിയമാകുന്നു. രണ്ട് പുതിയ സോളാര്‍ ബോട്ടുകളാണ് വിനോദ യാത്രയ്ക്ക് ഉപയോഗിക്കുന്നത്.
75 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന ബോട്ടുകള്‍ കായല്‍ മനോഹാരിത നുകരാനെത്തുന്ന സഞ്ചാരികളെ നേര്‍ത്ത ശബ്ദം കൊണ്ടുപോലും അലോസരപ്പെടുത്തുന്നില്ല. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് തുടങ്ങിയ വൈക്കം - പാലാക്കരി യാത്രയ്ക്ക് അവധി ദിവസങ്ങളിലാണ് യാത്രക്കാര്‍ കൂടുതലായി എത്തുന്നത്. കഴിഞ്ഞ ദിവസം പാലാക്കരി ട്രിപ്പില്‍ ഒരു ദിവസം 74 ഉം മറ്റൊരു ദിവസം 57 ഉം യാത്രക്കാരുണ്ടായിരുന്നു. പാലാക്കരി യാത്രയില്‍ മുതിര്‍ന്നവര്‍ക്ക് 799രൂപയും കുട്ടികള്‍ക്ക് 575 രൂപയുമാണ് ചാര്‍ജ്.
രാവിലെ 10ന് വൈക്കം ജെട്ടിയില്‍ നിന്ന് ആരംഭിച്ച് കായല്‍ ചുറ്റി ടി വിപുരം ജെട്ടി, തുരുത്തുകള്‍, നേരേകടവ് പാലം എന്നിവ കണ്ട് മുറിഞ്ഞപുഴയിലൂടെ കടന്ന് തൂക്കുപാലത്തിലേറി പാലാക്കരി അക്വാ ടൂറിസം സെന്ററിലെത്തി മൂന്നു മണിക്കൂര്‍ അവിടെ ചെലവഴിക്കും.
വൈകുന്നേരം അഞ്ചിനു വൈക്കം ജെട്ടിയില്‍ മടങ്ങിയെത്തുന്നവിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. കുറഞ്ഞത് 10 പേരെങ്കിലും ഉണ്ടെങ്കില്‍ വൈക്കത്തു നിന്ന് പാലാക്കരി ട്രിപ്പ് പുറപ്പെടും. വൈക്കം ക്ഷേത്രത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് ദര്‍ശനം നടത്താനെത്തുന്നവര്‍ക്കും നഗരത്തില്‍ വിവിധാവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്കും ഒരു മണിക്കൂര്‍ വേമ്പനാട്ടുകായല്‍ ചുറ്റാന്‍ ജലഗതാഗത വകുപ്പ് ആരംഭിച്ച സീ വൈക്കം ഉല്ലാസയാത്രയ്ക്കു മികച്ച പ്രതികരണാണ് ലഭിക്കുന്നത്. ഈ ട്രിപ്പില്‍ മുതിര്‍ന്നവര്‍ക്ക് 100 രൂപയും കുട്ടികള്‍ക്ക് 50 രൂപയുമാണ് ഈടാക്കുന്നത്.
വൈക്കം ടി വി പുരം ജെട്ടി, വിളക്കുമാടം തുരുത്ത് എന്നിവ കണ്ട് നേരേ കടവ് പാലം ചുറ്റി വൈക്കത്ത് തിരിച്ചെത്തും. പത്ത് പേരെങ്കിലും ഉണ്ടെങ്കില്‍ ഈ ട്രിപ്പും പുറപ്പെടും. ജലഗതാഗത വകുപ്പിന് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന ഫെറികളിലൊന്നാണ് വൈക്കം തവണക്കടവ്.
അതിജീവനത്തില്‍ വിനോദസഞ്ചാരം
സംസ്ഥാനത്ത് ആറു ജില്ലകളിലാണ് ഇപ്പോള്‍ ജലഗതാഗത വകുപ്പിന്റെ ബോട്ടുകള്‍ സര്‍വീസ് നടക്കുന്നത്. പാലങ്ങള്‍ വരുന്നതോടെ ബോട്ട് സര്‍വീസും അവസാനിക്കും. ജലഗതാഗതവകുപ്പിന്റെ പ്രതിമാസ വരുമാനം 10 കോടി രൂപയാണ്. ഇതില്‍ ഏഴ് കോടിയും ലഭിക്കുന്നത് വിനോദ സഞ്ചാരത്തില്‍ നിന്നാണ്. വിനോദ സഞ്ചാരത്തിന് പ്രാമുഖ്യം നല്കി ഉള്‍നാടന്‍ ജലാശയങ്ങളുടെ മനോഹാരിത സഞ്ചാരികള്‍ക്ക് അനുഭവവേദ്യമാക്കി നേട്ടം കൊയ്ത് വകുപ്പിനെയും ജീവനക്കാരെയും നിലനിര്‍ത്താനാണ് ജലഗതാഗത വകുപ്പിന്റെ തീരുമാനം.
Tags :