മാടപ്പള്ളി പഞ്ചായത്ത് എട്ടാംവാര്‍ഡില്‍ മരിയ ലെയ്നി ലെ വീടുകള്‍ക്ക് ഭീഷണിയായി നിലകൊള്ളുന്ന ഭീമന് മണ്‍തിട്ടയ്ക്ക് സമീപം പരിസരവാസികള്‍ ഒത്തുകൂടിയപ്പോൾ.
മാടപ്പള്ളി: മാനത്ത് മഴക്കാറ് മൂടുമ്പോള്‍ മാടപ്പള്ളി പഞ്ചായത്ത് എട്ടാംവാര്‍ഡിലെ മാമ്മൂട് മരിയന്‍ ലെയ്നിലെ താമസക്കാരായ കുടുംബങ്ങള്‍ നെഞ്ചില്‍ കൈവച്ച് പ്രാര്‍ഥന തുടങ്ങും. മഴ ചാറ്റല്‍ തുടങ്ങുമ്പോള്‍ ഭീതിയേറും. കുഞ്ഞുങ്ങളെ കെട്ടിപ്പിടിച്ച് അവര്‍ കരയും. വീടിനു ചുറ്റുപാടുമുള്ള കൂറ്റന്‍ മണ്‍തിട്ടയും കല്‍ക്കൂമ്പാരങ്ങളും ഇടിഞ്ഞുവീഴുമോ. മഴ മാറിക്കഴിയുമ്പോഴാണ് ആധി ഒഴിയുന്നത്. തുലാവര്‍ഷം ശക്തിപ്പെട്ടതോടെ ഇവിടുത്തെ 15 കുടുംബങ്ങളിലെ എണ്‍പതോളം ആളുകളുടെ മനസുകളില്‍ ഭീതിയുടെ കനലെരിയുകയാണ്.
25 വര്‍ഷംമുമ്പ് മണ്ണെടുത്തു മാറ്റിയ സ്ഥലത്ത് തങ്ങളുടെ കയ്യിലുള്ള പണംകൊണ്ട് എട്ടും പത്തും പന്ത്രണ്ടും സെന്റ് സ്ഥലംവീതം വാങ്ങിയ സ്ഥലത്ത് നിര്‍മിച്ച 15 വീടുകളാണ് ഇവിടെയുള്ളത്. 2.37 ഏക്കർ സ്ഥലമാണിവിടെയുള്ളത്. ഈ സ്ഥലത്തിന്റെ മധ്യത്തിലൂടെ വീടുടമകള്‍ ചേര്‍ന്ന് കോണ്‍ക്രീറ്റ് റോഡും നിര്‍മിച്ചിട്ടുണ്ട്. ഇവിടുത്തെ കുടുംബങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ചതാണ് മാമ്മൂട് മരിയന്‍ ലെയിന്‍ എന്ന കൂട്ടായ്മ.
ഈ വീടുകള്‍ക്ക് പിന്നില്‍ അറുനൂറ് മീറ്റര്‍ ചുറ്റളവില്‍ അറുപതടിയോളം ഉയരത്തില്‍ വ്യാപിച്ചുകിടക്കുന്ന മണ്‍തിട്ടയാണ് ഇവരുടെ ഉറക്കം കെടുത്തുന്നത്. ഈ മണ്‍തിട്ടയുടെ ചില ഭാഗങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ മഴക്കാലങ്ങളില്‍ പലതവണ ഇടിഞ്ഞുവീണത് ഇവിടുത്തെ കുടുംബങ്ങളുടെ ഉറക്കംകെടുത്തിയിരുന്നു.
മഴക്കാലത്ത് മണ്ണിടിഞ്ഞു വീഴുന്നത് പതിവ്
നേരത്തെ മണ്ണിടിച്ചില്‍ സംഭവിച്ചപ്പോള്‍ ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മണ്‍തിട്ടയുടെ തുടക്കഭാഗത്തെ നൂറുമീറ്ററോളം ഭാഗത്തെ മണ്ണെടുത്തു. അനുമതി നല്‍കിയതില്‍ കൂടുതല്‍ മണ്ണെടുത്തെന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ മണ്ണെടുപ്പ് നിരോധിക്കുകയും മണ്ണെടുപ്പ് നിര്‍ത്തിവയ്ക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷത്തെ മഴക്കാലത്ത് ഇവിടുത്തെ മണ്‍തിട്ടയുടെ ചില ഭാഗങ്ങളും കൂറ്റന്‍ കല്ലുകളും വീടുകളുടെ സമീപത്തേക്ക് ഇളകി വീണത് സമീപവാസികളെ ഭയാശങ്കയിലാക്കിയിരുന്നു.
മാടപ്പള്ളി പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ മരിയന്‍ ലെയിന്‍
നിവാസികളുടെ ധര്‍ണ ഇന്ന്
മാമ്മൂട്: മണ്‍തിട്ടയിലെ മണ്ണ് നീക്കംചെയ്ത് സമീപ വാസികളുടെ ഭീതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ 10ന് മാടപ്പള്ളി പഞ്ചായത്ത് പടിക്കല്‍ പ്രതിഷേധ ധര്‍ണ നടത്തും. മരിയന്‍ ലെയിന്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ധര്‍ണയില്‍ 15കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളും സാമൂഹിക രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കും. മണ്ണെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കിയില്ലെങ്കില്‍ സമരം ശക്തമാക്കും.
ബാബു കുട്ടന്‍ചിറ, മരിയന്‍ ലെയിന്‍ സംരക്ഷണ സമിതി ചെയര്മാന്
മണ്ണ് മാറ്റണമെന്ന് ചൂണ്ടിക്കാട്ടി ചങ്ങനാശേരി
തഹസില്‍ദാറുടെ റിപ്പോര്‍ട്ട്
മാമ്മൂട് മരിയന്‍ ലെയ്നിലെ 15 കുടുംബങ്ങള്‍ മണ്ണിടിച്ചില്‍ ഭീതിയിലാണെന്നും വീടുകള്‍ക്ക് പിന്നില്‍ ഉയര്ന്നുനില്ക്കുന്ന മണ്‍തിട്ട നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും ചൂണ്ടിക്കാട്ടി ചങ്ങനാശേരി തഹസില്‍ദാര്‍ സാജന് സി.വര്‍ഗീസ് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണക്ക് റിപ്പോര്‍ട്ട് നല്കി. ഡെപ്യൂട്ടി തഹസില്‍ദാര്‍ ഗിരീഷ്കുമാര്‍, വില്ലേജ് ഓഫീസര്‍ രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മാമ്മൂട് മരിയന്‍ ലെയിന്‍ സന്ദര്‍ശിച്ച് ആളുകളില്‍ നിന്നും വിശദീകരണം നേടി.
മരിയന്‍ ലെയിന്‍ സംരക്ഷണ സമിതി ചെയര്മാന് ബാബു കുട്ടന്‍ചിറ, വാര്ഡ്മെമ്പര് സൈന തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം ജി.അശോകന് എന്നിവരും ഇവര്‍ക്കൊപ്പമായിരുന്നു.
Tags :