മുളങ്കാട് അടിക്കാട് നിറഞ്ഞ നിലയിൽ.
കൂരാച്ചുണ്ട്: വർഷങ്ങൾക്ക് മുമ്പ് കക്കയത്ത് ടൂറിസം പദ്ധതികളുടെ ഭാഗമായി സോഷ്യൽ ഫോറസ്റ്ററി കക്കയം പഞ്ചവടിയിൽ പൊതുജനങ്ങളും വനസംരക്ഷണസമിതിയും ചേർന്ന് നട്ടുപിടിപ്പിച്ച മുളങ്കാട് വന്യമൃഗങ്ങളുടെ താവളമാകുന്നതായി ആക്ഷേപം. ഇതിനു പരിസരങ്ങളിലായി കപ്പ, വാഴ തുടങ്ങിയ കൃഷിവിളകൾ ചെയ്തിരുന്ന സ്ഥലമാണിത്.
കന്നുകാലികളും ആടുകളും യഥേഷ്ടം മേഞ്ഞുനടന്ന വിശാലമായ പുൽമേടായിരുന്ന ഇവിടം മുളകളും അടിക്കാടും നിറഞ്ഞു വിഷപ്പാമ്പുകളുടെയും ക്ഷുദ്ര ജീവികളുടെയും കാട്ടാനകളുടെയും താവളമായി മാറിയിരിക്കുകയാണ്. കക്കയത്തെത്തിച്ചേരുന്ന ഒട്ടനവധി വിനോദ സഞ്ചാരികൾക്കായി ബാംബു പാർക്ക് ടൂറിസം പദ്ധതിയെന്ന ലക്ഷ്യത്തോടെയാണ് നട്ടുപിടിപ്പിച്ചത്.
മുളങ്കാട്ടിലുള്ള അടിക്കാട് വെട്ടിത്തെളിച്ച് ഇവിടെ ഇരിപ്പിടങ്ങൾ തയ്യാറാക്കുകയാണെങ്കിൽ നിറഞ്ഞൊഴുകുന്ന കക്കയം പുഴയുടെയും പെരുമണ്ണാമൂഴി റിസോവോയറിന്റെ സൗന്ദര്യം ആസ്വദിച്ച് സായാഹ്നങ്ങൾ ചെലവഴിക്കാനുള്ള മനോഹരമായ ഒരു കേന്ദ്രമാക്കി ഇതിനെ മാറ്റാമായിരുന്നു.
പ്രദേശവാസികൾക്ക് തൊഴിൽ സാധ്യതകളുമുണ്ടാകുമെന്ന അഭിപ്രായവും ശക്തമാണ്. കുറ്റ്യാടി ഇറിഗേഷന്റെ കീഴിലുള്ള കക്കയം പ്രദേശത്തിന്റെ വിനോദസഞ്ചാര വികസനത്തിനും ഇത് കാരണമാകും.കക്കയം പഞ്ചവടി പ്രദേശത്തെ മുളങ്കാടുകൾ വിനോദസഞ്ചാര കേന്ദ്രമാക്കാൻ ബാംബു പാർക്ക് പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന് മാനസ കക്കയം ആവശ്യപ്പെട്ടു.ജോൺസൺ കക്കയം അധ്യക്ഷത വഹിച്ചു. തോമസ് വെളിയംകുളത്ത്, സുനിൽ പാറപ്പുറത്ത് എന്നിവർ പ്രസംഗിച്ചു.