അടൂർ: പഴകുളത്തും കൊടുമണ്ണിലും ഒരേ ദിവസം കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. പഴകുളത്ത് രണ്ട് പെൺകുട്ടികളെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. പഴകുളം കെഐപി കനാൽ റോഡിലാണ് സംഭവം. ഒൻപത് വയസ് വീതമുള്ള രണ്ട് പെൺകുട്ടികളെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുവാൻ ശ്രമിക്കുകയായിരുന്നു. സമീപവാസിയായ വീട്ടമ്മ ബഹളമുണ്ടാക്കിയതോടെ സംഘം ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
മദ്രസയിൽ നിന്നും കനാൽ റോഡ് വഴി മടങ്ങിവരികയായിരുന്ന പെൺകുട്ടികളുടെ സമീപം കാർ നിർത്തിയതിനുശേഷം മാതാപിതാക്കളെ പരിചയമുണ്ടെന്നു പറഞ്ഞാണ് സംഘത്തിലുണ്ടായിരുന്നവർ കുട്ടികളെ സമീപിപ്പിച്ചത്. ഈ സമയം റോഡിനു സമീപത്തു താമസിക്കുന്ന വീട്ടമ്മ ഇവർ കുട്ടികളോടു സംസാരിക്കുന്നത് കാണുകയും സംശയം തോന്നി പെൺകുട്ടികളെ അടുത്തേക്ക് വിളിക്കുകയും ചെയ്തു.
വീട്ടമ്മ കാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലാക്കിയതോടെ സംഘം സ്ഥലത്തുനിന്ന് വേഗത്തിൽ കാറോടിച്ചുപോയി. തങ്ങളുടെ മാതാപിതാക്കളെ അറിയാമെന്നും വീട്ടിൽ കൊണ്ടാക്കാമെന്നും പറഞ്ഞായിരുന്നു ഇവർ കുട്ടികളെ പ്രലോഭിപ്പിച്ചത്.
കുട്ടികൾ ഭയന്നു വിസമ്മതിച്ചതിനേ തുടർന്ന് സംഘം വീണ്ടും നിർബന്ധിച്ചു. ഇതേ സംഘം തന്നെയാണ് കൊടുമൺ അങ്ങാടിക്കൽ കൊച്ചുകൽ ജംഗ്ഷനിൽ സ്കൂളിൽ പോകാൻ നിൽക്കുകയായിരുന്ന അഞ്ചാം ക്ലാസുകാരനെയും സമാന രീതിയിൽ കാറിൽ കയറ്റാൻ ശ്രമിച്ചതെന്നു പറയുന്നു. കുട്ടി വാഹനത്തിൽ കയറിയില്ല.
കഴിഞ്ഞ തിങ്കളാഴ്ചയാണ് രണ്ട് സംഭവങ്ങളും നടന്നത്. സംഭവത്തിന് പിന്നാലെ പ്രദേശവാസികളും രക്ഷിതാക്കളും വലിയ ഭീതിയിലാണ്. കാറിൽ ഒരു സ്ത്രീയും പുരുഷനുമുണ്ടായിരുന്നുവെന്നാണ് സംഭവം നേരിൽ കണ്ട പഴകുളത്തെ വീട്ടമ്മ പറയുന്നത്. പഴകുളം കെഐപി കനാൽ റോഡിൽ കാടുപിടിച്ച് ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശത്താണ് സംഭവം നടന്നത്. മദ്രസയിൽ നിന്നും ട്യൂഷൻ സെന്ററുകളിൽ നിന്നും കുട്ടികൾ ഈ വഴിയാണ് സഞ്ചരിക്കുന്നത്.
ഭയന്നാണ് കുട്ടികൾ വീട്ടിലെത്തിയതെന്ന് രക്ഷിതാക്കൾ പറഞ്ഞു. സംഭവത്തെത്തുടർന്ന് കുട്ടികൾ ഏറെ ഭയത്തിലായിരുന്നുവെന്നും രാത്രിയിൽ ഉറങ്ങാൻപോലും കഴിഞ്ഞില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു. കുട്ടികൾ വീട്ടിലെത്തി വിവരം പറഞ്ഞപ്പോൾ ബന്ധുക്കളാരെങ്കിലും ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ അന്വേഷിച്ചപ്പോഴാണ് കാറിലെത്തിയവർ ബന്ധുക്കളല്ലെന്ന് വ്യക്തമായതെന്നും രക്ഷിതാക്കൾ പറഞ്ഞു.
സംഭവത്തിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തംഗം എം. റഹിം അടൂർ പൊലിസിൽ പരാതി നൽകി. പോലിസ് അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ച മുൻപ് അടൂർ പന്നിവിഴ ഭാഗത്തും കനാൽ റോഡിലെ ഒറ്റപ്പെട്ട സ്ഥലത്തും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുവാൻ ശ്രമം നടന്നിരുന്നതായി പറയുന്നു. സംഭവങ്ങളെ പൊലിസും ഗൗരവപൂർവമായാണ് കാണുന്നത്.. ഒരേ ദിവസമാണ് രണ്ട് സംഭവങ്ങളും നടന്നതെന്നതും ദുരൂഹത വർധിപ്പിക്കുന്നു. ഒരേ സംഘമാണ് ഇതിനുപിന്നിലെന്നാണ് പൊലിസ് നിഗമനം.
സംഭവത്തിൽ സിസിടിവിദൃശ്യങ്ങളടക്കം പൊലിസ് ശേഖരിച്ചിട്ടുണ്ട്. പന്തളത്ത് മറ്റൊരു സംഭവത്തിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ ഒന്നരവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമമുണ്ടായതായും പറയുന്നു. സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ ഒരാളെ പന്തളം പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ഇയാൾ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് കണ്ടെത്തിയതിനേതുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ പരാതി പിൻവലിക്കുകയും വിട്ടയയ്ക്കുകയും ചെയ്തു.
Tags :