പാറേൽ മർത്ത്മറിയം തീർഥാടനകേന്ദ്രത്തിന്റെ ആകാശദൃശ്യം.
ചങ്ങനാശേരി: പാറമേല്‍ പണിത പാറേല്‍ പള്ളി ബസലിക്ക പദവിയിലേക്കുയരുന്പോൾ വിശ്വാസസമൂഹത്തിന് ആത്മനിര്‍വൃതി. നിര്‍മാണം പൂര്‍ത്തിയാക്കി നവംബര്‍ 21ന് കൂദാശകര്മങ്ങള്ക്ക് തയാറെടുക്കുമ്പോഴാണ് ചങ്ങനാശേരി അതിരൂപതയിലെ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ പാറേല്പള്ളിക്ക് വത്തിക്കാനില്‍നിന്ന് മൈനര്‍ ബസിലിക്കാ പദവി ലഭിക്കുന്നത്.
മര്‍ത്ത് മറിയം ഇമ്മാക്കുലേറ്റ് കണ്സെപ്ഷന് ഷ്രൈന് ബസിലിക്ക എന്ന പേരിലാകും ഈ ദേവാലയ സമുച്ചയം ഇനി അറിയപ്പെടുന്നത്.
ഒരുനൂറ്റാണ്ട് മുമ്പ് ചങ്ങനാശേരി-വാഴൂര്‍ റോഡരികില്‍ എസ്ബി സ്കൂളിനും കുരിശുംമൂടിനുമിടയില് പാറയ്ക്കല്‍ എന്നും പാറയില്‍ എന്നും അറിയപ്പെട്ടിരുന്ന സ്ഥലത്ത് സ്ഥാപിക്കപ്പെട്ടതിനാലാണ് പാറേല്‍ പള്ളി എന്നപേരു ലഭിച്ചത്. ഈ ദേവാലയത്തിന്റെ പൗരാണികതയും ചരിത്രപാരമ്പര്യംവും പരിശുദ്ധ കന്യാകാമാതാവിന്റെ മധ്യസ്ഥതയും വിശ്വാസസമൂഹത്തിന് ഹൃദയനിര്ഭരവും ചരിത്രപ്രസിദ്ധവുമാണ്.
ചമ്പക്കുളം കല്ലൂര്‍ക്കാട് സെന്റ് മേരീസ് പള്ളിയും പാറേല്‍ പള്ളിയും ഉള്‍പ്പെടെ ചങ്ങനാശേരി അതിരൂപതയ്ക്ക് രണ്ട് തീര്‍ഥാടന കേന്ദ്രങ്ങളാണുള്ളത്.
പള്ളി സ്ഥാപനത്തിന്റെ 122-ാം
വാര്‍ഷിക നിറവില്‍ വത്തിക്കാന്റെ ചരിത്രപരമായ അംഗീകാരം
ഒമ്പതാം പീയൂസ് മാര്‍പാപ്പ പരിശുധ മറിയം അമലോത്ഭവയാണെന്ന സത്യം പ്രഖ്യാപിച്ചതിന്റെ സുവര്‍ണജൂബിലിയുടെ സ്മാരകമായി 1904ലാണ് അന്നത്തെ ബിഷപ്പായിരുന്ന മാര്‍ മാത്യു മാക്കീലിന്റെ നേതൃത്വത്തില്‍ വികാരി ജനറാള്‍ മോണ്‍. സിറിയക് കണ്ടങ്കരി പാറേല്‍ പള്ളി സ്ഥാപിച്ചത്. 1906 ഡിസംബര്‍ ഏഴിനാണ് ആദ്യ പള്ളിയുടെ കൂദാശ.
പള്ളി സ്ഥാപനത്തിന്റെ 122-ാം വാര്‍ഷിക നിറവിലാണ് ബസിലിക്ക പദവി ലഭിക്കുന്നത്. 1972 പുതിയ ദേവാലയത്തിന് അന്നത്തെ ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി പടിയറ ശിലാസ്ഥാപനം നടത്തി. 1974ല്‍ അദ്ദേഹംതന്നെ കൂദാശാകര്‍മം നിര്‍വഹിച്ചു. 1977ല്‍ ചങ്ങനാശേരി അതിരൂപതയുടെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായി ഉയര്‍ത്തി.
1981 ജൂണ്‍ ഒന്നിന് പാറേല്‍ പള്ളി സ്വതന്ത്ര ഇടവകയായി പ്രഖ്യാപിക്കപ്പെട്ടു. 1904 മുതലുള്ള പാരമ്പര്യമാണ് പാറേല്‍പള്ളി തിരുനാളിനുള്ളത്.
കേരള വാസ്തുശില്പ കലയുടെ
മനോഹാരിത തുളുന്പുന്ന ദേവാലയം
2014ലാണ് പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനം അന്നത്തെ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വഹിച്ചത്. പാറേല്‍ മര്‍ത്ത്മറിയം വലിയപള്ളി, അമലോത്ഭവമാതാ പള്ളി, നിത്യാരാധനാ ചാപ്പല്‍, കുമ്പസാരം, കൗണ്‍സിലിംഗ്, ആരാധന, പ്രാര്‍ഥന, തീര്‍ഥാടകര്‍ക്കുള്ള വിശ്രമകേന്ദം എന്നിങ്ങനെ മൂന്നു നിലകളിലായി കേരള വാസ്തുശില്പ ശൈലിയുടെ മനോഹാരിത തുളുമ്പുന്ന രീതിയിലാണ് പാറേല്‍ ദേവാലയം നിര്‍മിച്ചിരിക്കുന്നത്.
മൂവായിരംപേര്‍ക്ക് ഒരേസമയം തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കാനുള്ള ക്രമീകരണങ്ങള്‍ പുതിയ ദേവാലയത്തിനുണ്ട്.
മാതാവിന്റെ തിരുസ്വരൂപം
ഫ്രാന്‍സില്‍നിന്നും എത്തിച്ചത്
ചെത്തിപ്പുഴ കൊവേന്തയുടെ ശ്രേഷ്ഠനായിരുന്ന എസ്തഫാനോസച്ചന് പാശ്ചാത്യ രാജ്യങ്ങളുമായി നടത്തിയ കത്തിടപാടുകളുടെ ഭാഗമായി ഫ്രാന്‍സില്‍നിന്ന് അമലോത്ഭവ മാതാവിന്റെ മൂന്നു തിരുസ്വരൂപങ്ങള്‍ വരുത്താന്‍ ആലോചിച്ചു. വലുപ്പത്തിലും കാഴ്ചയിലും സാമ്യമുള്ള മൂന്നു രൂപങ്ങളും ചെത്തിപ്പുഴയില്‍ വന്നുചേര്‍ന്നു. കലാഭംഗിയില്‍ ഏറ്റവും മികവുള്ള രൂപം ചങ്ങനാശേരിയില്‍ പ്രതിഷ്ഠിക്കാന്‍ ചെത്തിപ്പുഴ കൊവേന്തയില്‍ സൂക്ഷിച്ചു.
തുടര്‍ന്ന് രൂപം ചങ്ങനാശേരി അരമനയില്‍ സൂക്ഷിച്ചു. 1904 ഒക്ടോബര്‍ മുപ്പതിന് മാര്‍ മാത്യു മാക്കീല്‍ മെത്രാന് തിരുസ്വരൂപം വെഞ്ചരിച്ചു. അതിന്റെ 122-ാം വാര്‍ഷികം നാളെയാണ്.
ആ വര്‍ഷം ഡിസംബർ എട്ടിന് ഉച്ചകഴിഞ്ഞ് മാതാവിന്റെ തിരുസ്വരൂപം മാര്‍ മാത്യു മാക്കിലിന്റെ കാര്‍മികത്വത്തില്‍ ചങ്ങനാശേരി മാർക്കറ്റ്, അങ്ങാടി തുടങ്ങിയ സ്ഥലങ്ങളിലൂടെ പ്രദക്ഷിണമായി ചന്തക്കടവിലെ കുരിശുപള്ളിയില്‍ പ്രതിഷ്ഠിച്ചു. പട്ടണം മുഴുവന്‍ ദീപക്കാഴ്ചകളാല്‍ അലങ്കരിക്കപ്പെട്ടിരുന്നു. പാറേല്‍ പള്ളിയുടെ ആദ്യപള്ളി സ്ഥാപനത്തോടുചേര്‍ന്ന് മാതാവിന്റെ രൂപം ആഘോഷമായി പള്ളിയില്‍ സ്ഥാപിച്ചതായി ചരിത്രരേഖകളില്‍ പറയുന്നു.
ബസിലിക്കാ പദവി
ദൈവാനുഗ്രഹം
പാറേല്‍ മര്‍ത്ത് മറിയം വലിയപള്ളിയുടെ കൂദാശാദിനമായ നവംബര്‍ 21ന് ബസിലിക്കാ പദവിയും പുതിയ നാമവും ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം വഴി ഈ ദേശത്തിനു ലഭിച്ച വലിയ ദൈവാനുഗ്രഹമായി ഈ പദവിയെ കാണുന്നു.
മാര്‍ തോമസ് തറയില്‍
ചങ്ങനാശേരി ആര്‍ച്ച്ബിഷപ്
ചങ്ങനാശേരി
അതിരൂപതയ്ക്ക് അഭിമാനം
പരിശുദ്ധ കന്യകാമറിയത്തോടുള്ള വണക്കത്തിന്റെ പേരില്‍ വിശ്വാസികള്‍ തലമുറകളായി തീര്‍ഥാടനത്തിനെത്തുന്ന പുണ്യസ്ഥാനമാണ് പാറേല്‍പള്ളി. ഈ അംഗീകാരം ചങ്ങനാശേരി അതിരൂപതയ്ക്കും സീറോ മലബാര്‍ സഭയ്ക്കും മുഴുവന്‍ വിശ്വാസിസമൂഹത്തിനും അഭിമാനകരമാണ്.
മോണ്‍. മാത്യു ചങ്ങങ്കരി
തീര്‍ഥാടനകേന്ദ്രം റെക്ടര്‍,
അതിരൂപത വികാരി ജനറാള്‍
Tags :