പ്രതീകാത്മക ചിത്രം
കുമളി: ജനവാസമേഖലയിൽ കരടിയിറങ്ങി. കുമളി പഞ്ചായത്തിലെ ചോറ്റുപാറ മുത്തയ്യൻ കോളനിയിൽ ആനന്ദന്റെ വീട്ടുമുറ്റത്താണ് കരടി എത്തിയത്. ഇന്നലെ പുലർച്ചെ ഒന്നോടെയാണ് കരടിയെ കണ്ടത്. വളർത്തുനായുടെ അസാധാരണമായ ബഹളം കേട്ട് വീടിനു പുറത്തിറങ്ങിയ വീട്ടുകാർ ബഹളം വച്ചതോടെ കരടി ഓടി മറഞ്ഞു.
വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ കരടി, നായയെ ആക്രമിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ട്. ഒരു മാസം മുൻപ് കാടിറങ്ങിയ പുലി ആടിനെ കൊന്നിരുന്നു. പെരിയാർ വന്യജീവി സങ്കേതത്തിനു സമീപത്തുള്ള മുത്തയ്യൻ കോളനിയിലെ എട്ടോളം കുടുംബങ്ങളാണ് ഇപ്പോൾ ഭീതിയിൽ കഴിയുന്നത്. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി മടങ്ങി. വന്യമൃഗശല്യം വനാതിർത്തിയിലുള്ള ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ്.
Tags : Bear NattuVishasham DistrictNews