പ്രതീകാത്മക ചിത്രം
ചമ്പക്കുളം: 2024ലെ ജനനനിരക്ക് ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ആലപ്പുഴ ജില്ലയിലെന്ന് കണക്കുകൾ. 5.28 മാത്രമാണ് ജില്ലയിലെ ജനനനിരക്ക്. സംസ്ഥാന ജനനനിരക്ക് 9.64 ആയിരിക്കുമ്പോഴാണ് ആലപ്പുഴയിൽ ഇത്രയും കുറവ് രേഖപ്പെടുത്തിയത്. ജില്ലയിൽ മരണനിരക്ക് 8.79 ആണ്. 15.16 നിരക്കുള്ള മലപ്പുറമാണ് ജനനനിരക്കിൽ ഒന്നാം സ്ഥാനത്ത്.
2024ൽ ആലപ്പുഴയിൽ 11,419 പേർ ജനിച്ചതിൽ 5,778 ആൺകുട്ടികളും 5,640 പെൺകുട്ടികളും തിരിച്ചറിയാനാവാത്ത ഒരാളും ഉണ്ടായിരുന്നു എന്നാണ് കണക്ക്. ജില്ലയിൽ സ്ത്രീപുരുഷ അനുപാതം 976 ആണ്. ജില്ലയുടെ അർധവാർഷിക ജനസംഖ്യ 21,63,763 ആയിരുന്നു. ഇതിൽ ഗ്രാമവാസികൾ 18,16,977, നഗരവാസികൾ 3,46,786. ആലപ്പുഴ ജില്ലയിൽ ഗ്രാമീണ ജനസംഖ്യ നഗരവാസികളുടെ ആറ് ഇരട്ടിയോളമാണ്.
2024ൽ ജില്ലയിൽ 11,419 പേർ ജനിച്ചപ്പോൾ 19,029 പേർ മരിച്ചു. ആലപ്പുഴയിലെ ശിശുമരണ നിരക്ക് 3.24 മാത്രമാണ്. ഗ്രാമപ്രദേശത്ത് 6,136 പേർ ജനിച്ചപ്പോൾ നഗരപ്രദേശത്ത് 5,238 പേരാണ് ജനിച്ചത്. നഗരപ്രദേശത്തെ മരണം 3,302 മാത്രമായിരുന്നപ്പോൾ ഗ്രാമത്തിൽ ഇത് 15,727 ആയിരുന്നു. 2024-ൽ മാത്രം ആലപ്പുഴ ജില്ലയിലെ ജനസംഖ്യയിൽ 7,610 പേരുടെ കുറവുണ്ടായി. ജില്ലയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ പ്രവണത തുടർന്നു വരുന്നതായി കാണാം.
പ്രസവത്തോടനുബന്ധിച്ചുള്ള അമ്മമാരുടെ മരണം 2024-ൽ ആലപ്പുഴയിൽ ഒന്നുപോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. സംസ്ഥാന സർക്കാർ 2024 വർഷത്തെ ജനന മരണങ്ങളെ അടിസ്ഥാനപ്പെടുത്തി തയാറാക്കി 2026-ൽ പുറത്തിറക്കിയ കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്.
Tags : Nattuvishesham DistrictNews DeepikaNews Birth rate