കോട്ടയം: കോടിമതയിലെ ബോട്ടുജെട്ടി ഭാഗത്ത് കായലിലെ പോള കോട്ടയം-ആലപ്പുഴ ബോട്ട് സര്‍വീസിനെ സാരമായി ബാധിക്കുന്നു. കൊടൂരാറില്നിന്ന് ഒഴുകിയെത്തുന്ന പോളയാണ് ഇവിടെയാകെ നിറഞ്ഞിരിക്കുന്നത്. പോള നിറഞ്ഞതിനാല്‍ കായലിലൂടെയുള്ള യാത്ര ബുദ്ധിമുട്ടാണെന്ന് ബോട്ടുജെട്ടി അധികൃതരും പറയുന്നു. ബോട്ടിന്റെ പ്രൊപ്പല്ലറില്‍ പോള കുടുങ്ങി തകരാര്‍ ഉണ്ടാകുന്നതും പതിവാണ്.
പോള നിറഞ്ഞുകിടക്കുമ്പോള്‍ വെള്ളത്തില്‍ തടിയോ മറ്റെന്തെങ്കിലും വസ്തുക്കളോ ഉണ്ടോയെന്ന് അറിയാനും കഴിയില്ല. യാത്രയ്ക്കിടെ ഇങ്ങനെ തടസം നേരിടുമ്പോള്‍ ജീവനക്കാര്‍ കായയിലിറങ്ങി തടസം നീക്കി യാത്ര ചെയ്യേണ്ട സാഹചര്യമുണ്ടാകാറുണ്ട്.
ദിവസത്തില്‍ നിരവധി തവണയാണ് പോളയും പുല്ലും ബോട്ടിന്റെ പ്രൊപ്പല്ലറില്‍ കുടുങ്ങി ബോട്ട് നിന്നുപോകുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബോട്ടുജെട്ടിയുടെ മുന്‍ഭാഗത്താണ് പോള നിറഞ്ഞിരിക്കുന്നത്. അതിനാല്‍ ബോട്ടുകള്‍ തിരിക്കാനും ബുദ്ധിമുട്ടാണ്.
ഗതാഗത തടസമുണ്ടാക്കിയതോടെ പോള നീക്കം ചെയ്യല്‍ ആരംഭിച്ചിരുന്നു. ചിലസമയങ്ങളില്‍ രണ്ട് യന്ത്രങ്ങള്‍ പോള നീക്കാനുണ്ടാകും. കഴിഞ്ഞദിവസം ഒരു യന്ത്രം മാത്രമാണ് പോള നീക്കാനുണ്ടായിരുന്നതെന്നും ബോട്ടുജെട്ടി ജീവനക്കാര്‍ പറഞ്ഞു. വാരിമാറ്റുന്നതിനനുസരിച്ച് വീണ്ടും പോള വന്നുനിറയുകയാണ്.
Tags : nattu vishesham Boat service disrupted