കുമളി: കഴിഞ്ഞ ദിവസമുണ്ടായ മഴയെ ത്തുടര്‍ന്നു തേക്കടി ജലാശയത്തില്‍ ബോട്ട് സര്‍വീസ് പുനരാരംഭിച്ചു. ജലനിരപ്പില്‍ നേരിയ വ്യത്യാസം ഉണ്ടായതോടെ യാണ് സര്‍വീസ് പുനരാരംഭിച്ചത്. 120 സീറ്റുകളുള്ള ബോട്ടില്‍ നിലവില്‍ 40 പേരായി പരിമിതപ്പെടുത്തിയാണ് സര്‍വീസ് ആരംഭിച്ചത്.
തേക്കടിയിലും മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തും മഴ ലഭിച്ചതോടെ ജലനിരപ്പ് 110.20 അടിയിലേക്ക് എത്തി. ഇതോടെ ബോട്ടുകള്‍ സര്‍വീസ് പുനരാരംഭിക്കാന്‍ കെടിഡിസി തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 29ന് വലിയ ബോട്ടുകള്‍ സര്‍വീസ് നടത്തുന്നതിനിടെ അടിഭാഗം മണ്ണില്‍ തട്ടിയതോടെ സഞ്ചാരികളുടെ സുരക്ഷ പരിഗണിച്ച് വലിയ ബോട്ടുകളുടെ സര്‍വീസ് താത്്കാലികമായി നിര്‍ത്തിയിരുന്നു.
വനംവകുപ്പ് സഞ്ചാരികള്‍ക്കായി 60 സീറ്റിന്റെ നാല് ബോട്ടുകളില്‍ 45 പേരെ പരിമിതപ്പെടുത്തി സര്‍വീസ് നടത്തിവരുന്നുണ്ട്. വരും ദിവസങ്ങളില്‍ മഴ ശക്തി പ്രാപിക്കുമെന്ന നിഗമനത്തിലാണ് വലിയ ബോട്ടുകള്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.
ജലനിരപ്പ് വര്‍ധിക്കുന്നതിനനുസരിച്ച് സഞ്ചാരികളുടെ എണ്ണം ഉയര്‍ത്തി സര്‍വീസ് നടത്താമെന്നാണ് വനംവകുപ്പിന്റെയും കെടിഡിസിയുടെയും തീരുമാനം.
Tags : nattu vishesham Boat service resumes in Thekkady