പ്രതീകാത്മക ചിത്രം
പൂവാർ: പുറത്ത് നിന്നെത്തിയ സംഘങ്ങൾ തമ്മിൽ ആശുപത്രി മുറ്റത്ത് സംഘർഷം. ആശുപത്രിയിൽ ചികിത്സതേടി എത്തിയവർക്കും പിടിച്ചു മാറ്റാൻ ശ്രമിച്ചയാൾക്കും ഉൾപ്പെടെ നാല് പേർക്ക് കുത്തേറ്റു. തീരദേശത്തെ പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് ഇന്നലെ വൈകുന്നേരത്തോടെ സംഘർഷമുണ്ടായത്. പുല്ലുവിള ജംഗ്ഷനിൽ തമ്മിലടിച്ച ശേഷം ചികിത്സക്കെത്തിയ നാലുയുവാക്കളും അവരെ പിൻതുടർന്ന് ഓട്ടോയിൽ എത്തിയ നാലംഗ സംഘവുമാണ് ആശുപത്രിയിൽ ചേരിതിരിഞ്ഞ് ആക്രമണം നടത്തിയത്.
സംഘർഷത്തിൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിവർക്കാണ് പരിക്കേറ്റത്. പുല്ലുവിള തോട്ടം പുരയിടം ജയാ നിവാസിൽ ആർദ്രർ ബെഞ്ചമിൻ (56), പുതിയതുറ കിണറുവെട്ടിയ പുരയിടത്തിൽ ലത (49), ഭർത്താവ് എബ്രഹാം എന്നിവർക്കാണ് കുത്തേറ്റത്. ഇതിൽ ലതയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആർദ്രർ ബെഞ്ചമിന്റെ ഭാര്യ ഇവിടെ ചികിത്സയിലാണ്. നെഞ്ചുവേദനയെ തുടർന്ന് ചികിത്സ തേടി എത്തിയതാണ് ലത. ആർദ്രർ ബെഞ്ചമിനും ലതയ്ക്കും നെഞ്ചിലാണ് കുത്തേറ്റത്. എബ്രഹാമിന്റെ തോളിലാണ് കുത്തേറ്റത്.
ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം .ആക്രമണം നടക്കുന്നതിന്റെ ദൃശ്യം മൊബെലിൽ പകർത്താൻ ശ്രമിച്ച ആശാവർക്കർ ലതാ സണ്ണിക്ക് തലയ്ക്കും മുഖത്തും മർദ്ദനമേറ്റു. പുല്ലുവിളയിൽ ഇടക്കാലത്ത് നിർമിച്ച പിയാത്ത കാണാനെത്തിയ വിഴിഞ്ഞം കോട്ടപ്പുറം സ്വദേശികളായ കിരൺ (21), ഷോൺ (19), ജോണി (20), അതുൽ (20) എന്നിവരും ഓട്ടോറിക്ഷയിൽ എത്തിയ മറ്റ് നാല് അംഗ സംഘവും തമ്മിൽ വാക്കേറ്റമുണ്ടായതാണ് തുടക്കമെന്ന് പൊലിസ് പറഞ്ഞു.
പുല്ലുവിള ജംഗ്ഷനിൽ ആദ്യം സംഘം തമ്മിൽത്തല്ലിയിരുന്നു. തുടർന്ന് വിഴിഞ്ഞം സ്വദേശികളായ നാല് യുവാക്കളും ചികിത്സതേടി പുല്ലുവിള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിയപ്പോൾ പിന്തുടർന്ന് എത്തിയ സംഘം അവിടെയും ആക്രമിച്ചു. കാഞ്ഞിരംകുളം പൊലിസ് പ്രതികൾക്കു വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി.
Tags : Clash at hospital Nattuvishesham DistrictNews Pulluvila three people stabbed