ചമ്പക്കുളം: ചെറുപുഷ്പ മിഷൻ ലീഗ് ചമ്പക്കുളം മേഖലയും ആരാധനാ സന്യാസിനി സമൂഹവും നേതൃത്വം നല്കുന്ന 15-ാമത് ധന്യൻ മാർ തോമസ് കുര്യാളശേരി ജന്മഗൃഹതീർഥാടന പദയാത്ര പത്തിന് നടത്തും.
രാവിലെ ആറിന് എടത്വയിൽ ദൈവദാസൻ പുത്തൻപറമ്പിൽ തൊമ്മച്ചന്റെ കബറിടത്തിൽനിന്ന് ഫൊറോന വികാരി ഫാ . ഫിലിപ്പ് വൈക്കത്തുകാരൻ ഫ്ലാഗ് ഓഫ് ചെയ്യുന്ന എടത്വ ഫൊറോന പദയാത്ര തായങ്കരി പള്ളി വഴി ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്കയിൽ എത്തിച്ചേരും.
8.45ന് തീർഥാടകരെ ധന്യന്റെ മാതൃ ഇടവകയായ ചമ്പക്കുളം കല്ലൂർക്കാട് ബസിലിക്കയിലേക്ക് ബസിലിക്ക റെക്ടർ ഫാ. ജയിംസ് പാലയ്ക്കൽ സ്വാഗതം ചെയ്യും. തുടർന്ന് 9ന് ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ. സ്കറിയ കന്യാകോൺ വിശുദ്ധ കുർബാന അർപ്പിച്ച് വചന സന്ദേശം നല്കും. 10.15ന് ജന്മഗൃഹത്തിലേക്കുള്ള പദയാത്ര റെക്ടർ ഫാ. ജയിംസ് പാലയ്ക്കൽ ഫ്ലാഗ് ഓഫ് ചെയ്യും.
11.30ന് ജന്മഗൃഹത്തിലെത്തി പുഷ്പാർച്ചന നടത്തും. തുടർന്ന് പദയാത്ര ഓർശ്ലേം പള്ളിയിലെത്തും.11.45ന് ചമ്പക്കുളം ബസിലിക്ക സഹവികാരി ഫാ. അഖിൽ തലച്ചിറ സിഎസ്എസ്ആർ മധ്യസ്ഥ പ്രാർഥനയും ചെറുപുഷ്പ മിഷൻ ലീഗ് അതിരൂപത ഡയറക്ടർ ഫാ. വർഗീസ് പുത്തൻപുരയ്ക്കൽ സമാപന സന്ദേശവും നല്കും. സുപ്പീരിയർ ജനറൽ മദർ റോസിലി ജോസ് ഒഴുകയിൽ സമ്മാനദാനം നിർവഹിക്കും. തുടർന്ന് നേർച്ചഭക്ഷണ വിതരണം.
തീർഥാടനത്തിനായുള്ള വിപുലമായ ഒരുക്കങ്ങളാണ് ഫാ. ജയിംസ് പാലയ്ക്കൽ, ഫാ. ബിനിൽ പഞ്ഞിപ്പുഴ, മദർ റോസിലി ജോസ് ഒഴുകയിൽ, മദർ ലില്ലി റോസ് കരോട്ടുവേമ്പേനിക്കൽ, സിസ്റ്റർ എത്സാ പൈകട, സിസ്റ്റർ റോസ്മി പുളിന്തറ, അലക്സ്, ജാർളി എന്നിവരുടെ നേതൃത്വത്തിൽ നടത്തിവരുന്നത്.