പ്രതീകാത്മക ചിത്രം
നാദാപുരം: നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി. ഡെന്റൽ ഒപിയിൽ ചികിത്സ തേടിയ 11 കാരന്റെ കേടായ പല്ലിന് പകരം മറ്റൊരു പല്ല് എടുത്തെന്നാണ് പരാതി.
വാണിമേൽ തോട്ടത്തിൽ സജിത്തിന്റെ മകൻ ശ്രീഹർഷിന് കഴിഞ്ഞ ശനിയാഴ്ച പല്ല് വേദന വന്നതിനെ തുടർന്ന് നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
അന്ന് മരുന്ന് കൊടുത്ത് ഇന്നലെ പല്ല് എടുക്കാനെത്തുകയും ഇഞ്ചക്ഷൻ നൽകി പല്ല് എടുക്കുകയുമായിരുന്നു.തുടർന്ന് വീട്ടിലേക്ക് മടങ്ങും വഴി മാതാവ് പല്ല് എടുത്തു മാറ്റിയത് നോക്കിയപ്പോഴാണ് വലത് ഭാഗത്തെ കേടായ പല്ല് മാറ്റാതെ തൊട്ടടുത്ത പല്ല് എടുത്ത് മാറ്റിയത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ കുട്ടിയെയും കൊണ്ട് ആശുപത്രിയിലെത്തി ഡോക്ടറോട് കാര്യം ചോദിച്ചപ്പോൾ രണ്ടും എടുത്ത് മാറ്റേണ്ടതാണെന്നാണ് ഡോക്ടർ പറഞ്ഞതെന്ന് മാതാവ് പറഞ്ഞു. കേട് വന്ന പല്ല് മാറ്റാതെ മറ്റൊരു പല്ല് മാറ്റുമ്പോൾ ഡോക്ടർ രക്ഷിതാവിനോട് പറഞ്ഞിരുന്നില്ലെന്നാണ് പരാതി. സംഭവത്തിൽ വീട്ടമ്മ ആശുപത്രി സൂപ്രണ്ടിനും നാദാപുരം പൊലിസിലും പരാതി നൽകി.
Tags :