വള്ളിയോട് പോളിടെക്നിക്കിനടുത്ത് വാഹനങ്ങൾ പോകുന്പോൾ ഉയരുന്ന പൊടി.
വടക്കഞ്ചേരി: മംഗലം-ഗോവിന്ദാപുരം അന്തർ സംസ്ഥാനപാതയിൽ നടക്കുന്ന ടാറിംഗിലെ മെല്ലെപ്പോക്ക് മൂലം വാഹന യാത്രക്കാർക്കും പാതയോരത്തെ വീട്ടുകാർക്കും ദുരിതമാകുന്നു. ടാറിംഗിന്റെ മുന്നോടിയായി റോഡിൽ നിരത്തിയ മെറ്റലും പാറപ്പൊടിയും മൂലം വാഹനങ്ങൾ പോകുന്പോൾ പ്രദേശമാകെ പൊടിമൂടി വീട്ടിൽ കഴിയാനാകാത്ത സ്ഥിതിയാണെന്നാണ് പരാതി.
രണ്ടുദിവസമായി മഴയില്ലാത്തതിനാൽ പൊടിശല്യം രൂക്ഷമായി. ടാറിംഗ് പ്രവൃത്തികൾ വേഗത്തിലാക്കാൻ പിഡബ്ള്യുഡി അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരും വാഹനയാത്രക്കാരും ആവശ്യപ്പെടുന്നത്.
വ്യാപാരികളുടെ നിരന്തരമായ പരാതികളും ഇടപെടലുകളും മൂലം പൊടിശല്യത്തിന് പരിഹാരമായി മുടപ്പല്ലൂർ ടൗണ്‍ ജംഗ്ഷനിൽ ഇന്നലെ ടാറിംഗ് നടത്തി. എന്നാൽ വള്ളിയോട് പോളിടെക്നിക് ഭാഗത്തും മറ്റുമാണ് ഇനി ടാറിംഗ് നടക്കാത്തത്. ഓണത്തിന് മുന്‍പ് പറഞ്ഞിരുന്ന ടാറിംഗ് പലതവണ മാറ്റിവച്ചാണ് ഇപ്പോൾ തുടങ്ങിയിട്ടുള്ളത്. ആദ്യദിവസങ്ങളിൽ മഴ തടസമായിരുന്നു. എന്നാൽ മഴ മാറിനിന്നപ്പോഴും പണികൾക്ക് വേഗതയായില്ല. അതേസമയം വള്ളിയോട് പോളിടെക്നിക് കോളജ് മുതൽ ചിറ്റിലഞ്ചേരി ജപമാല റാണി പള്ളി വരെയാണ് ടാറിംഗ് ഉൾപ്പെടെയുള്ള നവീകരണ പ്രവൃത്തികൾ നടക്കുന്നത്. മംഗലംപാലം മുതൽ വള്ളിയോടുവരെയുള്ള രണ്ട് കിലോമീറ്ററോളം ഭാഗം മറ്റൊരു റീച്ചും വേറെ കരാറുകാരനുമാണത്രെ. ഇതിനാൽ വള്ളിയോട് തേവർകാട് കണ്വൻഷൻ സെന്റർ ഭാഗത്തെ പ്രധാന അപായക്കുഴികൾ തുടരും.
Tags :