മേലൂർ സർവീസ് സഹകരണ ബാങ്കിന് മുന്നിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽനടന്ന പ്രതിഷേധ ധർണ.
മേലൂർ: ക്ഷേമപെൻഷൻ വിതരണത്തിലെ ക്രമക്കേടുകളും മുക്കുപണ്ടം പണയംവച്ച് വായ്പ തട്ടിപ്പ് നടത്തിയെന്ന ആരോപണവും ഉയർത്തി മേലൂർ സർവീസ് സഹകരണ ബാങ്കിന് മുന്നിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി.
ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണംനടത്തി കുറ്റക്കാർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും അന്വേഷണം പൂർത്തിയാകുന്നതുവരെ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
സഹകരണ രജിസ്ട്രാറുടെ ഉത്തരവുകൾ ലംഘിച്ചാണ് പെൻഷൻ വിതരണം നടത്തിയതെന്നും പെൻഷൻ വിതരണ രേഖകളിൽ ഗുണഭോക്താക്കളുടെ സ്ഥാനത്ത് ജനപ്രതിനിധിയുടെ പേരും രസീതുകളിൽ കളക്ഷൻ ഏജന്റ് വ്യാജ ഒപ്പിട്ടതായും ആരോപണമുയർന്നു. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയായ വിധവയ്ക്ക് ആറുമാസത്തോളം പെൻഷൻ ലഭിച്ചില്ലെങ്കിലും അക്ഷയ കേന്ദ്രത്തിലെ മസ്റ്ററിംഗ് നടപടിക്കിടെ പെൻഷൻ ലഭിച്ചതായി രേഖകളിൽ കണ്ടെത്തിയെന്നാണ് കോൺഗ്രസ് പറയുന്നത്.
വിഷയം ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്ന് ആറുമാസത്തെ പെൻഷൻ തുക ഒരുമിച്ച് ഗുണഭോക്താവിന്റെ വീട്ടിലെത്തിച്ചു നൽകിയെന്നും നേതാക്കൾ ആരോപിച്ചു. പെൻഷൻ വിതരണ രേഖകളും കളക്ഷൻ ഏജന്റിന് പണം കൈമാറിയ രേഖകളും പരിശോധിച്ച് സാമ്പത്തിക ക്രമക്കേടുകളും രേഖകളിലെ കൃത്രിമങ്ങളും കണ്ടെത്തണമെന്നാണ് ആവശ്യം.
ബാങ്കിന്റെ പാലപ്പിള്ളി, അടിച്ചിലി, മുരിങ്ങൂർ ശാഖകളിൽ സ്വർണമെന്ന വ്യാജേന വെള്ളി വളകൾ പണയംവച്ച് ഏകദേശം 60 ലക്ഷം രൂപ വായ്പയായി കൈപ്പറ്റിയതായും കോൺഗ്രസ് ആരോപിച്ചു.
വളകൾ സ്വർണമല്ലെന്ന് പിന്നീട് കണ്ടെത്തിയതായും ഇതിൽ ഏകദേശം 20 ലക്ഷം രൂപ മാത്രമാണ് തിരിച്ചുപിടിക്കാനായതെന്നും നേതാക്കൾ പറഞ്ഞു. പണയവസ്തുക്കളുടെ മൂല്യത്തേക്കാൾ ഉയർന്ന തുക വായ്പയായി അനുവദിച്ചതായും ആരോപണമുണ്ട്.
വായ്പാ തട്ടിപ്പിൽ ഉൾപ്പെട്ടവരുടെ കെട്ടിടങ്ങളുടെയും പറമ്പുകളുടെയും ആധാരം ഈടായി സ്വീകരിച്ച് വിപണിമൂല്യത്തിന്റെ രണ്ടരയിരട്ടിയോളം തുക വീണ്ടും വായ്പയായി അനുവദിച്ച് പഴയ വായ്പയിലെ നഷ്ടം നികത്താൻ ശ്രമിച്ചതായും കോൺഗ്രസ് ആരോപിച്ചു. തട്ടിപ്പിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നവർക്കും ഇതിന് ഒത്താശചെയ്ത ബാങ്ക് ഉദ്യോഗസ്ഥർക്കുമെതിരേ അന്വേഷണംനടത്തി നിയമനടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
പരിയാരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.ടി. ഡേവിസ് ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഷാജൻ മാടവന അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി എൻ.എ. വർഗീസ്, പരിയാരം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ ജോസഫ് പൈനാടത്ത്, പോൾ ഡി.നെറ്റിക്കാടൻ, ബ്ലോക്ക് മഹിളാ കോൺഗ്രസ് പ്രസിഡന്റ് സ്വപ്ന ഡേവിസ്, പഞ്ചായത്ത് അംഗം ലിൻസൺ ആന്റണി പന്തലുക്കാരൻ എന്നിവർ പ്രസംഗിച്ചു.
Tags :