വാൽകുളമ്പിൽ ബാങ്കിനു മുൻവശത്ത് ടോറസ് ലോറി കയറിയിറങ്ങി തകർന്ന കുടിവെള്ള വിതരണ പൈപ്പ്.
വടക്കഞ്ചേരി: ദേശീയപാത നിർമാണത്തിനാണെന്നു പറഞ്ഞ് മണ്ണുകടത്തുന്ന ലോറികളുടെ പാച്ചിലിൽ വാൽകുളമ്പിൽ പൈപ്പുപൊട്ടി നാട്ടുകാരുടെ കുടിവെള്ളം മുടങ്ങി. ഭാരവാഹനങ്ങളുടെ ഓട്ടത്തെ തുടർന്ന് റോഡുകൾ തകരുന്നതിനൊപ്പമാണ് കുടിവെള്ള വിതരണ പൈപ്പുകളും തകർന്ന് ജനങ്ങൾക്ക് കൂടുതൽ കഷ്ടപ്പാടാകുന്നത്.
ദേശീയപാത നിർമാണത്തിനായി ജിയോളജി വകുപ്പിന്റെ അനുമതിയോടെയാണ് മണ്ണുകടത്തെന്ന് പറയുന്നു. എന്നാൽ വടക്കഞ്ചേരി ഭാഗത്തൊന്നും മണ്ണ് ആവശ്യമുള്ള പ്രവൃത്തികൾ നടക്കുന്നുമില്ല. ദേശീയപാതയ്ക്കെന്നുപറഞ്ഞ് മണ്ണ് കടത്തുന്നത് മറ്റു എവിടേക്കോ ആണെന്നാണ് നാട്ടുകാർ പറയുന്നത്. അർധരാത്രി സമയങ്ങളിലാണ് മണ്ണുകടത്ത് കൂടുതലും നടക്കുന്നത്.
മണ്ണെടുപ്പിന് അനുമതി നൽകുമ്പോൾ റോഡുകളുടെയും കുടിവെള്ളവിതരണ സംവിധാനത്തിന്റെയും സുരക്ഷ ഉറപ്പാക്കാൻ അധികൃതർ നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. അനുമതിയുടെ മറവിൽ ജനങ്ങളുടെ അടിസ്ഥാനസൗകര്യങ്ങൾ തകർക്കപ്പെടുന്നത് അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണ്. തകർന്ന റോഡുകൾ പുനഃസ്ഥാപിക്കാനും പൈപ്പ്ലൈൻ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാനും നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : Pipeline Ruptured nattuvishesham local news Deadly Rush Soil-Laden Lorries