ധന്യൻ ജോസഫ് വിതയത്തിലച്ചന്റെ അനുസ്മരണദിനത്തിലെ ശ്രാദ്ധ ഊട്ട്.
മാള: കുഴിക്കാട്ടുശേരി വിശുദ്ധ മറിയം ത്രേസ്യ - ധന്യൻ ഫാ. ജോസഫ് വിതയത്തിൽ തീർഥാടന കേന്ദ്രത്തിൽ വിതയത്തിലച്ചന്റെ അനുസ്മരണദിനം ഭക്തിസാന്ദ്രമായി ആചരിച്ചു. നാടിന്റെ നാനാഭാഗങ്ങളിൽനിന്ന് ആയിരങ്ങൾ വിശുദ്ധ മറിയം ത്രേസ്യയുടെയും ധന്യൻ ജോസഫ് വിതയത്തിലച്ചന്റെയും ഭൗതികശരീരങ്ങൾ അടക്കംചെയ്തിരിക്കുന്ന കബറിട ദേവാലയത്തിലെത്തി തിരുക്കർമങ്ങളിൽ പങ്കുചേർന്നു. ഹൊസൂർ രൂപത ബിഷപ് മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ സമൂഹബലിയിൽ മുഖ്യകാർമികനായിരുന്നു.
തുടർന്ന് കബറിടത്തിൽ പ്രത്യേക നാമകരണ പ്രാർഥനാ ശുശ്രൂഷകൾ നടന്നു. തുടർന്നുനടന്ന ശ്രാദ്ധ ഊട്ടിൽ അനേകായിരങ്ങൾ പങ്കെടുത്തു. ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ സഹസ്ഥാപകനും വിശുദ്ധ മറിയം ത്രേസ്യയുടെ ആധ്യാത്മിക നിയന്താവും കുടുംബ കേന്ദ്രീകൃത അജപാലന ശുശ്രൂഷയുടെ മധ്യസ്ഥനുമായ ധന്യൻ ജോസഫ് വിതയത്തിൽ അച്ചന്റെ 161ാമത് ജന്മദിനവും 62ാമത് ചരമവാർഷികവുമാണ് ആചരിച്ചത്.
പരിപാടികൾക്ക് ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ. ആന്റു ആലപ്പാടൻ, ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ മദർ ആനി കുര്യാക്കോസ്, തീർഥാടനകേന്ദ്രം റെക്ടർ ഫാ. ജോൺ കവലക്കാട്ട്, പ്രമോട്ടർ ഫാ. സെബാസ്റ്റ്യൻ അരിക്കാട്ട്, അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ എൽസി സേവ്യർ, വൈ സ് പോസ്റ്റുലേറ്റർ സിസ്റ്റർ വിനയ തുടങ്ങിയവർ നേതൃത്വം നൽകി.