ദീപിക കളർ ഇന്ത്യ പെയിന്റിംഗ് മത്സരത്തിലെ കാസർഗോഡ് ജില്ലാതല വിജയികൾ കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട്, കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ
കാഞ്ഞങ്ങാട്: ഭാവനയിൽ കാണുന്ന ആശയങ്ങളിൽ വർണം ചാലിച്ച് മനോഹരമായ ചിത്രങ്ങളും സന്ദേശങ്ങളുമാക്കി മാറ്റാൻ കഴിവുള്ളവരാണ് ചിത്രകാരന്മാരും ചിത്രകാരികളുമെന്ന് കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട്.
ദീപിക കളർ ഇന്ത്യ പെയിന്റിംഗ് മത്സരത്തിലെ കാസർഗോഡ് ജില്ലാതല വിജയികൾക്കുള്ള സമ്മാനവിതരണവും ആദരവും കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശൂന്യതയിൽ നിന്നുടലെടുക്കുന്ന ആശയങ്ങൾക്ക് മൂർത്തരൂപം നൽകുന്നതാണ് ചിത്രങ്ങൾ. ശിലായുഗത്തിലെ മനുഷ്യർ കല്ലിലും മരത്തിലും കോറിവരച്ച ചിത്രങ്ങളാണ് ഇന്നും ആ കാലഘട്ടത്തിന്റെ ശേഷിപ്പായി നമ്മുടെ മുന്നിലുള്ളത്.
നാം ജീവിക്കുന്ന കാലത്തിന്റെ പ്രതിബിംബങ്ങളായി മാറാനും സമൂഹത്തിന് അറിവിന്റെ വെളിച്ചം പകരാനും ചിത്രങ്ങളിലൂടെ സാധിക്കുന്നുണ്ടെന്ന് ഡോ. ഖാദർ മാങ്ങാട് പറഞ്ഞു.
സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോർജ് പുഞ്ചായിൽ അധ്യക്ഷത വഹിച്ചു. ദീപിക കണ്ണൂർ യൂണിറ്റ് അസി. റസിഡന്റ് മാനേജർ ഫാ.എഡ്വിൻ കോയിപ്പുറം, അസി. ജനറൽ മാനേജർ (സർക്കുലേഷൻ) ജോർജ് തയ്യിൽ, ഏരിയ മാനേജർ ഷിജോ സ്രായിൽ എന്നിവർ പ്രസംഗിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്കൂളുകളിലും സ്പെഷൽ സ്കൂളുകളിലും നിന്നായി എൽകെജി മുതൽ ഹയർ സെക്കൻഡറി വിഭാഗം വരെയുള്ള നാൽപതോളം കുട്ടികൾ സമ്മാനങ്ങൾ ഏറ്റുവാങ്ങി. ക്രൈസ്റ്റ് സ്കൂളിലെ വിദ്യാർഥിനി നന്ദിത രതീഷിന്റെ ഗാനാലാപനവും നടന്നു.
Tags : 'Deepika Color India' event Nattuvishesham DistrictNews