ഗവ.ചീഫ് വിപ്പ് അപു ജോണ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
കൽപ്പറ്റ: കാലാവസ്ഥാവ്യതിയാനം, വന്യമൃഗശല്യം, കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവ് തുടങ്ങിയവ മൂലം തകർച്ച നേരിടുന്ന ജില്ലയുടെ ഭാവി വികസനത്തിന് ടൂറിസം രംഗത്ത് നൂതന പദ്ധതികൾ നടപ്പാക്കണമെന്ന് ഗവ.ചീഫ് വിപ്പ് അപു ജോണ് ജോസഫ്. കേരള കോണ്ഗ്രസ് നിയോജകമണ്ഡലം കണ്വെൻഷൻ ഹോളിഡേ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലയുടെ വികസനത്തിന് ടൂറിസം രംഗത്ത് വന്പിച്ച പുരോഗതി ആവശ്യമാണ്. ചുരം ബദൽ പാതകൾ, കള്ളാടി-ആനക്കാംപൊയിൽ തുരങ്ക പാത, നിർദിഷ്ട നിലന്പൂർ-നഞ്ചങ്ങോട് റെയിൽവേ, ഡോ.ഇ. ശ്രീധരൻ നിർദേശിച്ച ഹൈസ്പീഡ് റെയിൽവേ കോഴിക്കോട്-ബത്തേരി എക്സ്റ്റൻഷൻ എന്നിവ യാഥാർഥ്യമാക്കാൻ കർമപദ്ധതികൾക്ക് രൂപം കൊടുക്കണം. ജനവാസ മേഖല പൂർണമായും ഇഎസ്എയിൽനിന്ന് ഒഴിവാക്കി കർഷകർക്ക് സംരക്ഷണം നൽകുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ. രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജോസഫ് കളപ്പുര, കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി.എം. ജോർജ്, കണ്ണൂർ ജില്ലാ പ്രസിഡന്റ് റോജസ് സെബാസ്റ്റ്യൻ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ജോണി ചക്കിട്ട, പാർട്ടി ഉന്നതാധികാര സമിതി അംഗം കെ.എ. ആന്റണി, കെ.ജി. റോബർട്ട്, ജിതേഷ് കുര്യാക്കോസ്, സണ്ണി കടവൻ, പി.കെ. രവി, അഗസ്റ്റ്യൻ മറ്റക്കാട്ടിൽ, അഡ്വ.ജോർജ് വാത്തുപറന്പിൽ, കെ.എസ്. രവീന്ദ്രൻ, സച്ചിൻ സുനിൽ, ഷാന്റി നടവയൽ എന്നിവർ പ്രസംഗിച്ചു.