വിദ്യാവാഹിനി പദ്ധതി നിരന്തരം മുടങ്ങുന്നതിനെതിരേ ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം മന്ത്രി കെ.എ. തുളസിയെ നേരിൽകണ്ട് നിവേദനം നൽകുന്നു.
പരപ്പ: പട്ടികവർഗ ഉന്നതികളിൽ നിന്നുള്ള കുട്ടികളെ സ്കൂളിലെത്തിക്കുന്നതിനുള്ള വിദ്യാവാഹിനി പദ്ധതി നിരന്തരം മുടങ്ങുന്നതിനെതിരേ രക്ഷിതാക്കൾ ബ്ലോക്ക് പട്ടികവർഗ വികസന ഓഫീസിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പദ്ധതി മുടങ്ങുന്നതു മൂലം കുട്ടികൾക്ക് സ്കൂളിലെത്താൻ ഏറെ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യമാണെന്നും മാലോത്ത് കസബ ഗവ. സ്കൂളിലെ പകുതിയോളം കുട്ടികളും കഴിഞ്ഞ ദിവസങ്ങളിൽ സ്കൂളിലെത്തിയിട്ടില്ലെന്നും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി.
കുട്ടികളുടെ യാത്രക്ക് ബദൽ സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളും പൊതുപ്രവർത്തകരും പട്ടികവർഗ വികസന ഓഫീസർക്ക് നിവേദനം നൽകിയിരുന്നു. ഇക്കാര്യത്തിലും അനുകൂലമായ മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ഓഫീസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
പദ്ധതി തുടരാൻ നടപടിയെന്ന് മന്ത്രി കെ.എ. തുളസി
വെള്ളരിക്കുണ്ട്: വിദ്യാവാഹിനി പദ്ധതിയുമായി ബന്ധപ്പെട്ട് സർവീസ് നടത്തിയ വാഹനങ്ങളുടെ വാടക കുടിശിക എത്രയും പെട്ടെന്ന് കൊടുത്തുതീർക്കുമെന്ന് പട്ടികവർഗ വികസന മന്ത്രി കെ.എ. തുളസിയുടെ ഉറപ്പ്. ഇതുസംബന്ധിച്ച നടപടി ക്രമങ്ങൾ രണ്ടുദിവസത്തിനുള്ളിൽ പൂർത്തിയാക്കി വാടക കൊടുത്തുതീർക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വിദ്യാവാഹിനി പദ്ധതി മുടങ്ങുന്ന വിഷയത്തിൽ മന്ത്രിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം ചൊവ്വാഴ്ച്ച തിരുവനന്തപുരത്തെത്തി മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നു.