കോളിയാടി: അന്പുകുത്തി-അന്പലവയൽ ആർഎആർഎസ് പൊതുമരാമത്ത് റോഡിന്റെ അപകടാവസ്ഥയ്ക്ക് സത്വര പരിഹാരം കാണണമെന്ന് കേരള കോണ്ഗ്രസ്-എം നെൻമേനി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കുടിവെള്ള പദ്ധതിയുടെ പൈപ്പ ഇടുന്നതിന് ഇരുവശവും ചാൽ കീറിയതിനാൽ റോഡിലൂടെ വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാനാകുന്നില്ല.
എതിർദിശയിൽനിന്നുവരുന്ന വാഹനങ്ങൾക്ക് അരികുകൊടുക്കാൻ കഴിയാത്ത സ്ഥിതിയാണ്. നിരവധി വാഹനങ്ങൾ അപകടത്തിൽപെടുന്നുണ്ട്. ടൂറിസ്റ്റുകളടക്കം നിരവധി പേർ ദിവസേന സഞ്ചരിക്കുന്ന പ്രധാനപ്പെട്ട പാതയാണിത്. പിഡബ്ല്യുഡി അന്പലവയൽ സെക്ഷനു കീഴിൽ വരുന്ന റോഡ് ബിഎംബിസി നിലവാരത്തിൽ നവീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി എൻ.എ. ബല്ലി ഗ്രഹാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജിജീഷ് മാനുവൽ അധ്യക്ഷത വഹിച്ചു. അഡ്വ.എം.പി. ജോണ്സണ്, ടി.ഡി. മാത്യു, അസീസ് മാടക്കര, വി.പി. പ്രഭാകരൻ, അതുൽ കൃഷ്ണ എന്നിവർ പ്രസംഗിച്ചു.