ഗൂഡല്ലൂർ: സൗജന്യ ബസ് യാത്രയും മിനി ബസ് സർവീസും ഓട്ടോ, ജീപ്പ് ഡ്രൈവർമാരുടെ ഉപജീവനത്തെ പ്രതികൂലമായി ബാധിച്ചു. ടാക്സി വാഹനങ്ങൾ സർവീസ് നിർത്തിവച്ച് മറ്റ് ജോലികളിലേക്ക് ഡ്രൈവർമാർ നീങ്ങുകയാണ്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പിഎംകെ ജില്ലാ പ്രസിഡന്റ് എ. ഹംസ നിവേദനം നൽകി. നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ ഓട്ടോ, ജീപ്പ് ഡ്രൈവർമാർ കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും അവരുടെ ഉപജീവനം സംരക്ഷിക്കാൻ തമിഴ്നാട് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗൂഡല്ലൂർ, പന്തല്ലൂർ ഉൾപ്പെടെയുള്ള കേരള അതിർത്തി പ്രദേശങ്ങളിൽ തമിഴ്നാട്, കേരള സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളതിനാൽ കൂടുതൽ ഈളുകളും ബസ് യാത്ര തെരഞ്ഞെടുക്കുകയാണ്. ഇതോടെ ഓട്ടോ, ജീപ്പ് സർവീസുകളെ ആശ്രയിച്ചിരുന്ന യാത്രക്കാരുടെ എണ്ണം കുറഞ്ഞതായും ഡ്രൈവർമാരുടെ വരുമാനത്തെ ഇത് സാരമായി ബാധിച്ചതായും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ഇന്ധന വിലവർധന, വാഹനങ്ങളുടെ അറ്റകുറ്റപ്പണി, ബാങ്ക് വായ്പകളുടെ തിരിച്ചടവ്, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നെടുത്ത ഉയർന്ന പലിശയുള്ള വായ്പകൾ എന്നിവ ഡ്രൈവർമാരുടെ സാന്പത്തികഭാരം വർധിപ്പിച്ചിട്ടുണ്ട്. വരുമാനം കുറഞ്ഞതോടെ പലർക്കും വായ്പാ തിരിച്ചടവ് നടത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഉപജീവനമാർഗമായിരുന്ന വാഹനങ്ങൾ ഓടിക്കുന്നത് നിർത്തിവച്ച് കുടുംബം പോറ്റാൻ മറ്റു പണികൾ തേടിപ്പോകേണ്ട അവസ്ഥയിലാണ് പലരും.
ചില മിനി ബസുകൾക്ക് ആവശ്യമായ അനുമതിയില്ലാതെയോ അനുവദിച്ച റൂട്ടുകൾ ലംഘിച്ചോ സർവീസ് നടത്തുന്നുവെന്ന പരാതികളുമുണ്ട്. ഇക്കാര്യത്തിൽ ഗതാഗതവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി നിയമലംഘനങ്ങൾ കണ്ടെത്തിയാൽ നടപടി സ്വീകരിക്കണമെന്നും നിലവിലുള്ള ചെറുകിട വാഹന ഉടമകളുടെ ഉപജീവനത്തെ ബാധിക്കുന്ന രീതിയിൽ പുതിയ മിനി ബസ് പെർമിറ്റുകൾ അനുവദിക്കുന്നത് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഓട്ടോ, ജീപ്പ് ഡ്രൈവർമാർക്ക് സഹകരണ ബാങ്കുകൾ വഴി പലിശരഹിതമോ കുറഞ്ഞ പലിശയുള്ളതോ ആയ വായ്പകൾ അനുവദിക്കുക, നിലവിലുള്ള ബാങ്ക് വായ്പകളുടെ തിരിച്ചടവ് പുനഃക്രമീകരിച്ച് കൂടുതൽ സമയം നൽകുക, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ കടബാധ്യത കുറയ്ക്കാൻ അർഹരായവർക്ക് ആശ്വാസപദ്ധതികൾ നടപ്പാക്കുക, വരുമാനനഷ്ടം നേരിട്ട ഡ്രൈവർമാരെ കണ്ടെത്തി അർഹരായവർക്ക് സർക്കാർ ധനസഹായം നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.