പ്രതീകാത്മക ചിത്രം
ചേര്‍ത്തല: കുറച്ചു മാസങ്ങളായി കെഎസ്ആര്‍ടിസി ചേര്‍ത്തല ഡിപ്പോയിലെ ബസുകള്‍ക്ക് മൈലേജ് അത്ര കാര്യമായി കിട്ടുന്നില്ല. തലേന്ന് രാത്രി ഡിപ്പോയില്‍ സര്‍വീസ് മതിയാക്കി കയറ്റുന്ന ബസുകള്‍ രാവിലെ സര്‍വീസിനു പുറപ്പെടുമ്പോള്‍ തലേന്നുണ്ടായിരുന്ന ഡീസല്‍ ആവിയായി പോകുന്നു. പ്രശ്നം തലവേദനയായപ്പോള്‍ ജീവനക്കാര്‍ മറ്റു ഡിപ്പോകളിൽ അന്വേഷിച്ചു.
എന്നാല്‍, മറ്റുള്ള ഡിപ്പോകളിലെ ബസുകള്‍ക്ക് ഒരു പ്രശ്നവും കാണുന്നില്ല. ചേര്‍ത്തല ഡിപ്പോയിലെ ബസുകള്‍ക്ക് മാത്രം എന്താണ് പ്രശ്നമെന്നു തിരക്കിയറിയാമെന്നു കരുതി ചില ജീവനക്കാര്‍ നടത്തിയ ഓപ്പറേഷനില്‍ കുരുങ്ങിയത് ഡിപ്പോയിലെ തന്നെ ചില ജീവനക്കാര്‍.
ചേര്‍ത്തല ഡിപ്പോയില്‍ സര്‍വീസ് കഴിഞ്ഞെത്തുന്ന ബസുകള്‍ കേന്ദ്രീകരിച്ചു ഡീസല്‍ മോഷണം നടത്തിയ സംഘമാണ് കുടുങ്ങിയത്. അതും മെക്കാനിക്കല്‍ വിഭാഗത്തിലെ നാലു ജീവനക്കാര്‍. മെക്കാനിക്കല്‍ പരിശോധനകളില്‍ തകരാറുകളൊന്നും കണ്ടെത്താത്ത സാഹചര്യത്തിലാണ് മോഷണ സംശയം ഉയര്‍ന്നത്. ഇതിനായി എന്‍ജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥന് പെന്കാമറകള് സ്ഥാപിക്കുകയായിരുന്നു. മൈലേജ് കുറഞ്ഞതു തലവേദനയായ ഘട്ടത്തില്‍ സ്വന്തം പണം മുടക്കിയാണ് ഉദ്യോഗസ്ഥന് അഞ്ചു പെന്കാമറകള് സ്ഥാപിച്ചത്. സര്‍വീസ് കഴിഞ്ഞ് പാര്‍ക്കു ചെയ്യുന്ന ബസുകളുടെ ടാങ്കുകളില്‍നിന്നു പൈപ്പ് ഉപയോഗിച്ചാണ് ഡീസല്‍ ചോര്‍ത്തിയതെന്നാണ് കണ്ടെത്തല്‍.
ഓരോ ദിവസവും പല ബസുകളില്‍നിന്നായി പത്തു മുതല്‍ 15 ലിറ്റര്‍ വരെ ഡീസല്‍ ഊറ്റി പുറത്തു വില്‍പ്പന നടത്തുകയായിരുന്നു. ഇത്തരത്തില്‍ ആയിരക്കണക്കിനു ലിറ്റര്‍ ഡീസല്‍ മോഷ്ടിച്ചതായാണ് വിവരം. ഏതായാലും സംഭവം എങ്ങനെയെങ്കിലും ഒതുക്കിത്തീര്‍ക്കാനുള്ള നെട്ടോട്ടത്തിലാണ് ചില ജീവനക്കാര്‍.
Tags : KSRTC buses Nattuvishesham DistrictNews