പദ്ധതിയുടെ ഉദ്ഘാടനം കൃഷി ഓഫിസർ പി.എം. രമ്യ നിർവഹിക്കുന്നു.
മുണ്ടക്കയം: കണ്ണിമല ഫാർമേഴ്സ് ക്ലബ് കൃഷി വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന കൃഷിയിടം-2026 പദ്ധതിക്ക് തുടക്കമായി.
നൂതന കൃഷി പഠനപരിപാടി, കൃഷിയിട സന്ദർശനം, കൃഷി അറിവുകൾ പങ്കുവയ്ക്കൽ, തെരഞ്ഞെടുത്ത കർഷകർക്ക് ഹൈബ്രിഡ് പച്ചക്കറിവിത്തുകൾ നൽകി കൃഷി ചെയ്യിപ്പിക്കൽ, ബാങ്കുകളുടെ സഹകരണത്തോടെ കൃഷിവായ്പ ആവശ്യമുള്ള കർഷകർക്ക് ലഭിക്കുന്നതിന് സഹായിക്കുക, വിദ്യാർഥികളെയും യുവജനങ്ങളെയും കൃഷിയിലേക്ക് എത്തിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുക എന്നിവയാണ് കൃഷിയിടം പദ്ധതിയുടെ ലക്ഷ്യം.
കൃഷി ഓഫീസർ പി.എം. രമ്യ പദ്ധതി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് പി.ഡി. ജോൺ അധ്യക്ഷത വഹിച്ചു. ക്ലബ്ബിന്റെ കഴിഞ്ഞ പദ്ധതിയായ കൃഷി സമൃദ്ധിയിലെ വിജയികൾക്ക് ആത്മ അസിസ്റ്റന്റ് മാനേജർ പി.ജെ. മാത്യു, അസിസ്റ്റന്റ് കൃഷി ഓഫീസർ ജോസഫ് ജയിംസ് എന്നിവർ കാഷ് അവാർഡുകൾ സമ്മാനിച്ചു. സി.ബി. ദീപ ഹൈബ്രിഡ് പച്ചക്കറിവിത്ത് വിതരണം നിർവഹിച്ചു.
സാബു തോമസ്, ബേബിച്ചൻ പ്ലാക്കാട്ട്, ദിലീഷ് ദിവാകരൻ, ടി.പി. ആന്റണി, പി.എസ്. സുധാകരൻ, ജോസ് കണ്ണിമല എന്നിവർ പ്രസംഗിച്ചു.
Tags : Launch Nattuvishesham Districtnews