മാര്‍ത്തോമ്മാ ദേവാലയത്തിനു സമീപം പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്ന നിലയില്‍.
കോഴഞ്ചേരി: കോയിപ്രം ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിൽ പുല്ലാട് വടക്കേ കവലയിലെ ആനമല മാര്‍ത്തോമ്മാ ദേവാലയത്തിനു സമീപം രണ്ടുമാസത്തോളമായി കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴാകുന്നു. തുടര്‍ച്ചയായി വെള്ളം ഒഴുകിപ്പോയിട്ടും നവീകരണ ജോലികള്‍ നടത്താന്‍ നടപടികള്‍ ഉണ്ടാകാത്തതു മൂലം ഗുണഭോക്താക്കൾ പ്രതിസന്ധിയിലാണ്.
സമീപമുള്ള സര്‍ക്കാര്‍ സ്കൂളിലേക്കും മാര്‍ത്തോമ്മാ ദേവാലയത്തിലേക്കും പോകുന്ന വഴി മുഴുവന്‍ ചെളി നിറഞ്ഞിരിക്കുകയാണ്. ജലവിഭവവകുപ്പും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള തര്‍ക്കമാണ് പൈപ്പ് നന്നാക്കുന്നതിനുള്ള തടസമായി പറയുന്നത്. വെള്ളം റോഡിലേക്ക് ഒഴുകി എത്തുന്നതോടെ സമീപത്തുള്ള ഗ്രാമീണ റോഡില്‍ മുഴുവന്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ഇതുവഴിയുള്ള കാല്‍നട യാത്രപോലും അസാധ്യമായ സ്ഥിതിയിലാണ്. റോഡിലൂടെ ക്രമാതീതമായി വെള്ളം ഒഴുകുന്നത് ഇരുചക്രവാഹനക്കാരെ ബുദ്ധിമുട്ടിലാക്കുന്നു.
പൈപ്പ് പൊട്ടിയതു മൂലം ജനം അനുഭവിക്കുന്ന ദുരിതം നിരവധി തവണ ജലവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും യാതൊരു നടപടികളും ജലവിഭവവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന് വാര്‍ഡ് മെംബറും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ആര്. ജയ പറഞ്ഞു. തകര്‍ന്ന പൈപ്പ് നവീകരണം നടത്തി പുനഃസ്ഥാപിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ആവശ്യമാണെന്ന നിലപാടാണ് ജലവിഭവവകുപ്പ് സ്വീകരിച്ചിരിക്കുന്നതെന്ന് വൈസ് പ്രസിഡന്റ് പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയില്ലാതെ റോഡുമായി ബന്ധപ്പെട്ട ഭാഗത്തെ പൈപ്പ് നവീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ജലവകുപ്പ് ഉദ്യോഗസ്ഥര്‍.
എന്നാല്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാതെ ജനങ്ങളെ ബൂദ്ധിമുട്ടിലാക്കുന്നതില് നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടെത്തിയില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് പ്രദേശവാസികൾ പറഞ്ഞു.