ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ കൊടിക്കുന്നിൽ സുരേഷ് എംപി സന്ദർശിക്കുന്നു.
ചെങ്ങന്നൂർ: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് മുന്നോടിയായി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ തീർഥാടകർക്കായി ഒരുക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെയും വികസന പ്രവർത്തനങ്ങളുടെയും പുരോഗതി കൊടിക്കുന്നിൽ സുരേഷ് എംപി നേരിട്ടെത്തി വിലയിരുത്തി.
എംപിയുടെ പ്രത്യേക ഇടപെടലിലൂടെ റെയിൽവേ ബോർഡിൽനിന്ന് അനുവദിച്ച 50 ലക്ഷം രൂപ വിനിയോഗിച്ച് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതിയാണ് അദ്ദേഹം പരിശോധിച്ചത്.
ശബരിമല തീർഥാടകരുടെ പ്രധാന ഇടത്താവളവും ശബരിമല കവാടവുമായ ചെങ്ങന്നൂരിൽ ഭക്തർക്ക് സുഗമമായ യാത്രാനുഭവം ഉറപ്പാക്കാൻ മുൻകൂട്ടി തീരുമാനിച്ച പ്രവൃത്തികളിൽ ഭൂരിഭാഗവും പൂർത്തിയായതായി എംപി പറഞ്ഞു.
കെഎസ്ആർടിസി ബസ് സർവീസ് 16 മുതൽ
തീർഥാടകർക്ക് പമ്പയിലേക്ക് സുഗമമായ യാത്ര ഉറപ്പാക്കാൻ റെയിൽവേയും കെഎസ്ആർടിസിയും തമ്മിൽ മികച്ച ഏകോപനം ഉറപ്പാക്കിയിട്ടുണ്ട്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് പമ്പയിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസിന്റെ ഔദ്യോഗിക ഉദ്ഘാടനം 16ന് രാവിലെ കൊടിക്കുന്നിൽ സുരേഷ് എംപി നിർവഹിക്കും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന ലക്ഷക്കണക്കിന് ഭക്തർക്ക് സുരക്ഷിതവും സുഗമവുമായ യാത്രയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുകയാണ് വികസന പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് എംപി വ്യക്തമാക്കി.
സന്ദർശന വേളയിൽ ചെങ്ങന്നൂർ നഗരസഭാ അധ്യക്ഷൻ മനീഷ് കീഴാമഠത്തിൽ, ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ തുടങ്ങിയവരും എംപിക്കൊപ്പമുണ്ടായിരുന്നു.
Tags : MP Kodikunnil Suresh visits the Chengannur railway station. Nattuvishesham DistrictNews