ബസ് സ്റ്റാൻഡിൽ നിർമാണം പൂർത്തിയായ സ്മാർട്ട് വെയ്റ്റിംഗ് ഷെഡ്.
എരുമേലി: ബസ് കാത്തിരിക്കുന്നിടത്ത് ഇനി ബോറടിയില്ല. വൈഫൈയും ഫോൺ ചാർജിംഗും അടക്കം സൗജന്യം. എരുമേലി കെഎസ്ആർടിസി സ്റ്റാൻഡിൽ സ്മാർട്ട് വെയ്റ്റിംഗ് ഷെഡ് റെഡിയായി. കെഎസ്ആർടിസിക്ക് ഒരു രൂപ പോലും മുടക്കില്ലാതെ തികച്ചും സൗജന്യമായാണ് വെയ്റ്റിംഗ് ഷെഡ് നിർമിച്ചത്. പത്തു വർഷത്തേക്ക് വെയ്റ്റിംഗ് ഷെഡിന്റെ പരിപാലനം, അറ്റകുറ്റപ്പണികൾ അടക്കം സ്വകാര്യ ഏജൻസിയാണ് വഹിക്കുക.
പൊതു-സ്വകാര്യ സഹകരണത്തോടെ കേരളത്തിലെ കെഎസ്ആർടിസി സ്റ്റാൻഡുകളിൽ മുൻ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ പദ്ധതിയാണ് ഇപ്പോൾ എരുമേലിയിലും ആയത്. ശബരിമല തീർഥാടനം മുൻനിർത്തിയാണ് ഇപ്പോൾ നിർമാണം പെട്ടെന്ന് നടത്തിയത്. ബസുകളുടെ വരവും സമയക്രമവും യാത്രക്കാർക്ക് കൃത്യമായി അറിയുന്നതിനുള്ള ഡിജിറ്റൽ ഡിസ്പ്ലേ ബോർഡാണ് സ്മാർട്ട് വെയ്റ്റിംഗ് ഷെഡിന്റെ സവിശേഷത. യാത്രക്കാർക്ക് കാത്തിരിപ്പ് സമയത്ത് ഉപയോഗിക്കാൻ വൈഫൈ കണക്ടിവിറ്റിയും മൊബൈൽ ചാർജിംഗ് സൗകര്യവും ഉണ്ടായിരിക്കും.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും സാമൂഹികവിരുദ്ധശല്യം തടയാനും എഐ അധിഷ്ഠിത സിസിടിവി കാമറകൾ വഴി കേന്ദ്രീകൃത നിരീക്ഷണം വൈകാതെ ഏർപ്പെടുത്തും. വെയിലും മഴയും ഏൽക്കാത്ത രീതിയിലുള്ള ആധുനിക രൂപകൽപനയും സുഖപ്രദമായ ഇരിപ്പിടങ്ങളുമാണ് മറ്റൊരു സവിശേഷത. സർക്കാർ അറിയിപ്പുകളും കെഎസ്ആർടിസി വിവരങ്ങളും പ്രദർശിപ്പിക്കുന്നതിനൊപ്പം പരസ്യങ്ങളിലൂടെ വരുമാനം കണ്ടെത്താനും സാധിക്കും.പരസ്യ വരുമാനത്തിന്റെ ഒരു വിഹിതം കെഎസ്ആർടിസിക്ക് ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്.
എരുമേലിയിൽ സ്മാർട്ട് വെയ്റ്റിംഗ് ഷെഡ് ഉദ്ഘാടനം ശബരിമല തീർഥാടനകാലത്തിന്റെ തുടക്കത്തിൽ നടത്താനാണ് തീരുമാനം. ഏഴു വർഷമായി പ്രവർത്തനം ഇല്ലാതിരുന്ന ബാങ്ക് എടിഎം പൊളിച്ചുമാറ്റിയാണ് വെയ്റ്റിംഗ് ഷെഡ് നിർമിച്ചത്.