മണിമല റോഡിൽ മണ്ണനാനിയിൽ ഗതാഗതത്തിനായി തുറന്നുകൊടുത്ത ഭാഗം.
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി-മണിമല-കുളത്തൂർമൂഴി കർഷക സൗഹൃദ റോഡിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണനാനിയിൽ അടച്ചിട്ടിരുന്ന റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. കലുങ്കിന്റെയും സംരക്ഷണഭിത്തിയുടെയും നിർമാണം പൂർത്തിയാക്കിയതിനെത്തുടർന്ന് റോഡിൽ മണ്ണിട്ട് താത്കാലികമായി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു. ഇതോടെ ഭാരവാഹനങ്ങൾ ഉൾപ്പടെയുള്ള വാഹനങ്ങൾ ഇതുവഴി കടന്നുപോകാൻ തുടങ്ങി.
കലുങ്ക് നിർമാണത്തിന്റെ ഭാഗമായി കഴിഞ്ഞ മേയ് 21നാണ് റോഡ് അടച്ചത്. ഇതോടെ മണിമലയിലേക്കുള്ള വാഹനങ്ങൾ ദീർഘദൂരം ചുറ്റിസഞ്ചരിക്കേണ്ട സാഹചര്യമുണ്ടായി. ബസുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ മൂന്നാംമൈലിൽനിന്ന് തിരിഞ്ഞ് തെക്കേത്തുകവലയിലെത്തി പൊൻകുന്നം-മണിമല റോഡിൽ പ്രവേശിച്ചാണ് മണിമലയിലേക്ക് സർവീസ് നടത്തിയിരുന്നത്.
റോഡ് തുറന്നുകൊടുക്കുന്നത് വൈകിയതിൽ പ്രതിഷേധിച്ച് പ്രദേശവാസികളും ബസ് ഉടമകളും രംഗത്തെത്തിയിരുന്നു. തുടർന്നാണ് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കിയത്. ഇതിനിടെ മണ്ണനാനി ഭാഗം മുതൽ ബിഎം നിലവാരത്തിലുള്ള ടാറിംഗും ആരംഭിച്ചിട്ടുണ്ട്. മണ്ണനാനിക്ക് പിന്നാലെ മണ്ണാറക്കയത്ത് കലുങ്ക് നിർമിക്കുന്ന ഭാഗവും ഇന്ന് ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് റോണി കെ. ബേബി എംഎൽഎ പറഞ്ഞു.
Tags : Mannanani Nattuvishesham Districtnews