മാന്നാർ: എടിഎമ്മിൽനിന്നും പണമെടുക്കാൻ എത്തിയ ആൾക്ക് വൈദ്യുതാഘാതമേറ്റു. മാന്നാർ ആലുംമൂട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന എസ്ബിഐയുടെ എടിഎമ്മിൽ പണം എടുക്കാൻ വന്നയാളിനാണ് വൈദ്യുതാഘാതമേറ്റത്.
ഇന്നലെ രാവിലെ കുട്ടമ്പേരൂർ ഊട്ടുപറമ്പിൽ ജേക്കബ് ചാക്കോയ്ക്കാണ് വൈദ്യുതാഘാതമേറ്റത്. ഇലക്ട്രീഷ്യനായ ജേക്കബ് ചാക്കോ കൈയിലുണ്ടായിരുന്ന ടെസ്റ്റർ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ എടിഎമ്മിന്റെ പ്രധാന വാതിൽ ഉൾപ്പെടെ മുഴുവൻ പ്രദേശങ്ങളിലും വൈദ്യുതി ഉള്ളതായി മനസിലാക്കി.
തുടർന്ന് കെഎസ്ഇബി അധികൃതരെ വിവരം അറിയിക്കുകയും ഇവരെത്തി വൈദ്യുതിബന്ധം വിഛേദിക്കുകയും ചെയ്തു. ഇത്തരത്തിൽ മുഴുവൻ ഇടങ്ങളിലും വൈദ്യുതി പ്രവഹിക്കാൻ കാരണം എന്താണെന്ന് വിശദമായിപരിശോധിക്കണമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ പറഞ്ഞു. വൈദ്യുതിപ്രവാഹം ശ്രദ്ധയിൽപ്പെട്ടതിനാൽ വലിയ അപകടമാണ് ഒഴിവായത്.
Tags : nattu vishesham Electrocuted by ATM