കോർപറേഷൻ ഫുട്ബോൾ ഗ്രൗണ്ട് വെട്ടിച്ചുരുക്കി സിന്തറ്റിക് ട്രാക്ക് നിർമിക്കരുതെന്നാവശ്യപ്പെട്ട് കോർപറേഷൻ ഗ്രൗണ്ട് സംരക്ഷണസമിതി ഭാരവാഹികൾ മേയർ ഡോ. നിജി ജസ്റ
തൃശൂർ: കോർപറേഷൻ ഫുട്ബോൾ ഗ്രൗണ്ട് വെട്ടിച്ചുരുക്കി സിന്തറ്റിക് ട്രാക്ക് നിർമിക്കുന്നതിന്റെ ഭാഗമായി അളവെടുപ്പു തുടങ്ങിയതോടെ പ്രതിഷേധം ശക്തമാക്കി കോർപറേഷൻ ഗ്രൗണ്ട് സംരക്ഷണസമിതി.
ഫിഫ അംഗീകാരമുള്ള മത്സരങ്ങൾ നടത്താൻ ഗ്രൗണ്ടിന് ആവശ്യമായ 115 മീറ്റർ നീളവും 72 മീറ്റർ വിതിയും നിലനിർത്തിമാത്രം ട്രാക്ക് നിർമിക്കണമെന്നാണ് ആവശ്യം. അല്ലാതെയുള്ള നിർമാണപ്രവൃത്തികളിൽനിന്നു കോർപറേഷൻ പിൻമാറണമെന്നും ഇല്ലെങ്കിൽ പ്രക്ഷോ ഭം സംഘടിപ്പിക്കുമെന്നും സംരക്ഷണസമിതി കൺവീനർ സോളി സേവ്യർ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ഡേവിസ് ആന്റോ, ജനറൽ സെക്രട്ടറിമാരായ കുര്യൻ മാത്യു, കെ.ജി. രഘുനന്ദൻ, ബാബു കെ.ആന്റോ, കെ.എ. ഡേവിസ് എന്നിവർ പറഞ്ഞു. ഇക്കാര്യങ്ങൾ ഉന്നയിച്ചു ഗ്രൗണ്ട് സംരക്ഷണസമിതി ഭാരവാഹികൾ മേയർ ഡോ. നിജി ജസ്റ്റിനു നിവേദനം നല്കി. ഫുട്ബോൾ ഗ്രൗണ്ട് ഇല്ലാതാക്കിയുള്ള യാതൊരു നിർമാണപ്രവർത്തനങ്ങളും അനുവദിക്കില്ലെന്നും മേയറെ അറിയിച്ചു.
ഗ്രൗണ്ടിനു ഫിഫ അംഗീകാരം കിട്ടണമെങ്കിൽ 105 മീറ്റർ നീളവും 64 മീറ്റർ വീതിയും പ്ലേയിംഗ് ഏരിയ ആവശ്യമാണ്. കൂടാതെ സൈഡ് ലൈനിൽ മൂന്നു മീറ്റർ റൺ ഓഫ് ഏരിയയും ഏതെങ്കിലും ഒരുവശത്തു മൂന്നു മീറ്ററിനുശേഷം രണ്ടോ മൂന്നോ മീറ്റർ ഡഗ് ഔട്ട് ഏരിയയും ടെക്നിക്കൽ ഏരിയയും വേണം. ഗോൾ പോസ്റ്റ്, ഔട്ട് ലൈൻ ഏരിയയ്ക്കുശേഷം അഞ്ചുമീറ്റർ റൺ ഓഫ് ഏരിയയും ഉണ്ടെങ്കിലേ ഫിഫയുടെ കണക്കനുസരിച്ചുള്ള 115 മീറ്റർ നീളവും 72 മീറ്റർ വീതിയും ഗ്രൗണ്ടിനു ലഭിക്കൂ. ഇതു കഴിഞ്ഞുള്ള ഭാഗത്ത് ട്രാക്ക് വരുന്നതിന് ആരും എതിരല്ലെന്നു നിവേദനത്തിൽ വ്യക്തമാക്കി. ഇതിനു വിപരീതമായി ഗ്രൗണ്ടിൽ മാറ്റങ്ങൾ വരുത്തി സിന്തറ്റിക് ട്രാക്ക് നിർമിച്ചാൽ തൃശൂരിൽ സന്തോഷ് ട്രോഫിപോലുള്ള ദേശീയ നിലവാരത്തിലുള്ള ഫുട്ബോൾ മത്സരങ്ങൾ നടക്കില്ലെന്നാണു ചൂണ്ടിക്കാട്ടുന്നത്.
നിലവിൽ തൃശൂർ ടൗണിലല്ലാതെ ഇത്രയും സൗകര്യമുള്ള മറ്റൊരു ഫുട്ബോൾ സ്റ്റേഡിയം ജില്ലയിൽ എവിടെയുമില്ലെന്നാണ് സംരക്ഷണസമിതി പറയുന്നത്. അത്ലറ്റിക്സിനായി കുന്നംകുളം സീനിയർ ഗ്രൗണ്ട് മികച്ച സൗകര്യങ്ങളോടെ ലഭ്യമാണ്. മാത്രമല്ല, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ നിർമാണം അവസാനഘട്ടത്തിലാണ്. തൃശൂർ എൻജിനിയറിംഗ് കോളജ് ഗ്രൗണ്ട്, മണ്ണുത്തി അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ഗ്രൗണ്ട്, രാമവർമപുരം പൊലിസ് അക്കാദമി എന്നിവിടങ്ങളിൽ സിന്തറ്റിക് ട്രൗക്ക് നിർമാണത്തിനു സൗകര്യമുണ്ടെന്നും കോർപറേഷൻ ഗ്രൗണ്ട് സംരക്ഷണസമിതി ഭാരവാഹികൾ നിവേദനത്തിൽ വ്യക്തമാക്കി.
സ്റ്റേഡിയം തകർക്കുന്ന നിർമാണത്തിനു മുതിരരുത്
600 കുട്ടികൾ പ്രാക്ടീസ് ചെയ്യുന്ന ഗ്രൗണ്ടാണ്. അതു നശിപ്പിച്ചുകൊണ്ടുള്ള മറ്റേതു നിർമാണത്തിലേക്കും പോകേണ്ടതുണ്ടോ. കോർപറേഷനെ പലരും തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഫിഫയുടെ കണക്കനുസരിച്ചു ജൂനിയർ മത്സരങ്ങൾ നടത്താൻ 90 മീറ്റർ നീളവും 60 മീറ്റർ വീതിയുമുണ്ടെങ്കിൽ നടക്കും.
എന്നാൽ സന്തോഷ് ട്രോഫിപോലുള്ള സീനിയർ മത്സരങ്ങൾ നടത്താനാകില്ല. നിലവിൽ കോർപറേഷൻ മുന്നോട്ടുപോകുന്ന സംവിധാനത്തിൽ ചെയ്താൽ ഡഗ് ഔട്ട് ട്രാക്കിൽവരും. അതു ട്രാക്കിനെ നശിപ്പിക്കും. ജാവലിൻ, ഡിസ്കസ് പോലുള്ള ത്രോ ഇവന്റുകൾ ഗ്രൗണ്ടിലേക്ക് എറിയുമെന്നാണു കാണിച്ചിരിക്കുന്നത്. അതു ഫുട്ബോൾ മത്സരങ്ങൾ നടത്താൻ പറ്റാത്ത അവസ്ഥയുണ്ടാക്കും.
ഇന്ത്യൻ ഫുട്ബോളിനു വലിയ പ്രതിഭകളെ സംഭാവന ചെയ്ത ജില്ലയാണു തൃശൂർ. അവിടെ നാഷണൽ ലെവൽ മത്സരം നടത്താൻ ഒരു സ്റ്റേഡിയമില്ലാതാകുന്നതു വലിയ ദുരന്തമായിരിക്കും.
പറവട്ടാനി സ്റ്റേഡിയത്തിലും ഐ.എം. വിജയൻ സ്റ്റേഡിയത്തിലെ ഫുട്ബോൾ ഗ്രൗണ്ടിലും നാഷണൽ ലെവൽ ഫുട്ബോൾ മത്സരങ്ങൾ നടത്താനുള്ള സൗകര്യമില്ല. പാലസ് ഫുട്ബോൾ സ്റ്റേഡിയത്തെ തകർക്കുന്ന രീതിയിലുള്ള പുനർ നിർമാണത്തിനു മുതിരരുതെന്നാണ് അഭ്യർഥന.
സോളി സേവ്യർ,കോർപറേഷൻ ഗ്രൗണ്ട് സംരക്ഷണസമിതി
കൺവീനർ, ഡിഎഫ്എ ട്രഷറർ.
Tags : nattuvishesham local news Football ground reduced in accommodate