കോഴിക്കോട്: നഗരത്തിലേക്കുള്ള പ്രധാന പ്രവേശന കവാടങ്ങളിലൊന്നായ തൊണ്ടയാട് ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷം. ദേശീയപാത വികസനം പൂര്‍ത്തിയായിട്ടും തൊണ്ടയാട് ജംഗ്ഷനിലെയും അനുബന്ധ സർവീസ് റോഡുകളിലെയും വാഹനക്കുരുക്കിന് യാതൊരു ശമനവുമില്ല.ഓഫീസ്-സ്കൂൾ സമയങ്ങളിൽ ജംഗ്ഷൻ പൂർണമായും നിശ്ചലമാകുന്ന അവസ്ഥയാണുള്ളത്.
ദേശീയപാതയുടെ സർവീസ് റോഡുകളിലൂടെ എത്തുന്ന വാഹനങ്ങൾ പ്രധാന ജംഗ്ഷനിലേക്ക് ഒരേസമയം പ്രവേശിക്കാൻ ശ്രമിക്കുന്നതാണ് നിലവിലെ പ്രധാന പ്രതിസന്ധി.
ദീർഘദൂര വാഹനങ്ങൾക്കൊപ്പം സർവീസ് റോഡ് വഴി നഗരത്തിലേക്ക് കടക്കേണ്ട വാഹനങ്ങൾ കൂടി എത്തുന്നതോടെ ജംഗ്ഷനിൽ വാഹനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.പന്തീരാങ്കാവ് ഭാഗത്തുനിന്നും തൊണ്ടയാട് അപ്രോച്ച് റോഡിലൂടെ കോട്ടൂളി ഭാഗത്തേക്ക് പോകാന്‍ സമയമേറെ എടുക്കുകയാണ്. തൊണ്ടയാട് മേല്‍പ്പാലത്തിനടിയിലൂടെ മേഡിക്കല്കോളജ് ഭാഗത്തേക്ക് പോകണമെങ്കിലും ഇതാണ് അവസ്ഥ.
പ്രധാന റോഡിലേക്ക് കടക്കാൻ സർവീസ് റോഡുകളെ ആശ്രയിക്കുന്ന വാഹനങ്ങളാണ് ഇപ്പോൾ കൂടുതൽ സമയം വഴിയിൽ കിടക്കുന്നത്. സർവീസ് റോഡുകളിൽ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങളുടെ നിര ദിനംപ്രതി കൂടിവരികയാണ്. ഇടുങ്ങിയ സർവീസ് റോഡുകളിൽ വലിയ വാഹനങ്ങൾ കൂടി പ്രവേശിക്കുന്നതോടെ ഇരുചക്രവാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. ട്രാഫിക് നിയന്ത്രണത്തിന് കൂടുതൽ പോലീസിനെ വിന്യസിക്കുന്നുണ്ടെങ്കിലും ശാസ്ത്രീയമായ പരിഹാരമാർഗങ്ങൾ നടപ്പിലാക്കാത്തതാണ് കുരുക്ക് മുറുകാൻ കാരണമെന്ന് ആക്ഷേപമുണ്ട്.
തൊണ്ടയാട് ജംഗ്ഷനിലെ ഈ ഗതാഗതക്കുരുക്കിന് ശാശ്വതമായ പരിഹാരം കാണാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.