കാലടി: കാന നിർമാണത്തിൽ അപാകതയെന്ന് പരാതി. അപകട കെണിയൊരുക്കി കാലടി പഞ്ചായത്ത് പൊതുമരാമത്ത് വിഭാഗം. കാലടി പഞ്ചായത്തിലെ ഒൻപതാം വാർഡിൽ കോലഞ്ചേരി കവല യോർദ്ദനാപുരം റോഡിൽ നിർമിച്ചിട്ടുള്ള കാനയോട് ചേർന്നാണ് വലിയൊരു അപകടക്കെണി ഒരുക്കിയിരിക്കുന്നത്. റോഡിലൂടെ ഒഴുകി വരുന്ന വെള്ളം വലതുവശത്തെ കാനയിലേക്ക് തിരിച്ച് വിടുന്നതിനായി മുൻ ഭരണസമിതിയുടെ കാലത്ത് കൽവർട്ടിനുള്ള പദ്ധതി തയാറാക്കിയിരുന്നു.
ഈ പദ്ധതിയിൽ റോഡിന് കുറുകെ കൽവർട്ട് നിർമിച്ച് ഒരു സൈഡിൽ മാൻഹോൾ നിർമിച്ച് അതിനുമുകളിൽ ഗ്രിൽ ഇട്ട് വെള്ളം കടത്തിവിടാനായിരുന്നു മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പള്ളിയുടെ നിർദേശം. എന്നാൽ നിർമാണം പൂർത്തിയായപ്പോൾ കാനയുടെ ഇടത് വശത്ത് നിർമിച്ച മാൻഹോളിന് മുകളിൽ സ്ലാബിട്ടതോടെ അപകട കെണി രൂപപ്പെട്ടിരിക്കുകയാണ്.
ഇവിടെ ഇരുചക്ര വാഹന യാത്രക്കാർ കുഴിയിൽ വീണ് അപകടം സംഭവിക്കുമെന്ന് വാർഡ് മെമ്പർ അസിസ്റ്റന്റ് എൻജിനീയറിനോട് പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല.
അസിസ്റ്റന്റ് എൻജിനീയർ ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. രാത്രി പള്ളിയിൽ ധ്യാനം കൂടി തിരിച്ചു വരുന്ന വഴി ദമ്പതികൾ കുഴിയിൽ വീണ് അപകടം സംഭവിച്ചിരുന്നു. ഇവിടെ സ്ഥാപിച്ചിട്ടുള്ള സ്ലാബ് മാറ്റി ഗ്രിൽ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : nattu vishesham Inadequacy construction canal