ചവറ : ചവറ കോളേജ് യൂണിയൻ ഉദ്ഘാടനവു മായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ചവറ എസ്എച്ച്ഒയെ ആക്രമിച്ച കേസിലുള്‍പ്പെട്ട ഒരാളെ ചവറ പൊലിസ് പിടികൂടി. തേവലക്കര പടിഞ്ഞാറ്റക്കര സ്വദേശി അക്ഷയ്കുമാറിനെയാണ് പിടികൂടിയത്. അക്ഷയുള്പ്പടെയുള്ള 15ഓളം പേരടങ്ങുന്ന എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ സംഘം മൊഴി തരാനായി സ്റ്റേഷനിലെത്തിയപ്പോള്‍ എസ്എച്ച്ഒ ആക്രമിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. സംഭവത്തലുള്പ്പെട്ട മറ്റുള്ളവര്‍ക്കായി ആന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എസ്എച്ച്ഒ സുജോ ജോര്‍ജ് ആന്റണിയെയാണ് കൈയേറ്റം ചെയ്തത്. യൂണിയന് ഉദ്ഘാടനത്തിനിടയിലെ ഡാന്‍സ് പരിപാടി നടക്കുന്നതിടയില് ചില വിദ്യാര്‍ഥികള്‍ കൊടി ഉയര്‍ത്തി ഡാന്‍സ് കളിച്ച് ബഹളം ഉണ്ടാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത മറ്റൊരു കൂട്ടം വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. സംഘര്‍ഷത്തില്‍ പലര്‍ക്കും പരിക്കേറ്റു. അധ്യാപകര്‍ ശ്രമിച്ചിട്ടും സംഘര്‍ഷം ഒഴിവാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പൊലിസ് കോളജിന് അകത്ത് കയറി സംഘര്‍ഷം ഒഴിവാക്കുകയായിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് ചിലര്‍ പരാതി നല്‍കാനായി സ്റ്റേഷനിലെത്തിയിരുന്നു. ഇവരുടെ മൊഴി എടുക്കുന്നതിനിടെ പുറത്തേക്ക് പോകാന്‍ വന്ന എസ്എച്ച്ഒയെ സ്റ്റേഷനിലെത്തിയ ചില എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞ്
ആക്രമിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. കൈയേറ്റത്തില്‍ പരിക്കേറ്റ എസ്എച്ച്ഒ നീണ്ടകര താലൂക്കാശുപത്രിയില്‍ ചികിത്സ തേടുകയും ഇദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ 15പേര്‍ക്കെതിരെ കേസെടുത്തത്. എന്നാല്‍ തങ്ങള്‍ എസ്എച്ച്ഒയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും പോലീസ് കള്ളക്കേസില്‍ കുടുക്കുകയാണെന്നും പ്രവര്‍ത്തകരും ആരോപിച്ചു.