മുക്കടവിൽ സ്ഥാപിച്ച ക്രാഷ് ബാരിയർ.
പുനലൂര്‍ : അപകട ഭീഷണിയ്ക്ക് താത്കാലിക പരിഹാരമായി. മുക്കടവിൽ ക്രാഷ് ബാരിയറുകൾ സ്ഥാപിച്ചു. ശബരിമല സീസന്റെ ഭാഗമായാണ് നടപടികൾ സ്വീകരിച്ചത്. പുനലൂര്‍-മൂവാറ്റുപുഴ ഹൈവേയില്‍ അപകടഭീഷണി നിലനിന്ന പുനലൂര്‍ മുക്കടവില്‍, പഴയ പാലത്തിന്റെ കൈവിരി തകര്‍ന്ന സ്ഥാനത്താണ് ക്രാഷ് ബാരിയര്‍ സ്ഥാപിച്ചത്. കഴിഞ്ഞദിവസമാണ് ഇതു സ്ഥാപിച്ചത്.
സ്ഥലത്ത് ഇനി അപകടമുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കും. മുക്കടവില്‍ പഴയ പാലത്തിനും തൊട്ടുചേര്‍ന്ന പുതിയ പാലത്തിനുമിടയിലെ വന്വിടവിലേക്ക് വാഹനങ്ങള്‍ മറിയാനുള്ള സാധ്യത വലുതായിരുന്നു. ഇതേത്തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് സി. അജയപ്രസാദ് എംഎല്‍എ പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. പുനലൂര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ രാഹുലിനൊപ്പം സ്ഥലം പരിശോധിച്ചു. തുടര്‍ന്നാണ് ഇവിടെ ക്രാഷ് ബാരിയര്‍ സ്ഥാപിക്കാന്‍ നടപടിയുണ്ടായത്. ഹൈവേയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി മുക്കടവിനു കുറുകെ നാലുവര്‍ഷം മുന്‍പ് പുതിയ പാലം നിര്‍മിച്ചിരുന്നു. എന്നാല്‍ ഇവിടുത്തെ അപകടാവസ്ഥയും റോഡിലെ വാഹനത്തിരക്കും പരിഗണിച്ച് പഴയപാലവും ഗതാഗതത്തിനായി ക്രമീകരിച്ചു.
എന്നാല്‍ രണ്ടു പാലങ്ങള്ക്കുമിടയിലുള്ള വലിയ വിടവ് വാഹനങ്ങള്‍ക്ക് അപകടക്കെണിയായി. നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഇവിടെ നേരിയ അശ്രദ്ധമതി വിടവിലൂടെ വാഹനങ്ങള്‍ ആറ്റിലേക്ക് മറിയാന്‍. ഇവിടെ കൈവരി നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല.
ഇക്കുറി മണ്ഡലകാലം അടുത്തതോടെയാണ് മുക്കടവിലെ അപകടസാധ്യത വീണ്ടും ചര്‍ച്ചയായത്. മണ്ഡലകാലമായാല്‍ രാപകല്‍ ഭേദമില്ലാതെ അനിയന്ത്രിതമായ തിരക്കാണ് ഈ പാതയില്‍ അനുഭവപ്പെടാറുള്ളത്. ഈ സാഹചര്യത്തിലാണ് ഇവിടെ ക്രാഷ് ബാരിയര്‍ സ്ഥാപിക്കാന്‍ നടപടിയുണ്ടായത്.
പുനരുദ്ധരിച്ച റോഡിന്റെ നിലവാരം ഉയര്‍ന്നത്, പുഴയും പാറക്കെട്ടുകളും വലിയ വളവുകളും നിറഞ്ഞ മുക്കടവില്‍ പൊതുവേ വലിയ അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. പുതിയ പാലം തുറന്ന് നാലുകൊല്ലം കഴിഞ്ഞിട്ടും ഇവിടെ കൈവരി നിര്‍മിക്കുകയോ അപകടമുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയോ ചെയ്തില്ല. നാലുകൊല്ലത്തിനിടയില്‍ ഇവിടെ ചെറുതുംവലുതുമായ ഒട്ടേറെ അപകടങ്ങളുണ്ടാവുകയും ചെയ്തു.
പുനലൂരില്‍നിന്ന് പത്തനാപുരം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പഴയപാലത്തിലൂടെയും എതിര്‍ദിശയില്‍ നിന്നുള്ള വാഹനങ്ങള്‍ പുതിയപാലത്തിലൂടെയും സഞ്ചരിക്കണമെന്നാണ് നിഷ്കര്‍ഷിച്ചിട്ടുള്ളത്. എന്നാല്‍ സ്ഥലപരിചയമില്ലാത്തവരും ദീര്‍ഘദൂരയാത്രക്കാരും ഇവിടെയെത്തുമ്പോള്‍ അടുത്തടുത്ത് രണ്ടുപാലങ്ങള്‍ കണ്ട് ആശയക്കുഴപ്പത്തിലാകുകയാണ്. പെട്ടെന്ന് വാഹനം തിരിക്കാന്‍ ശ്രമിക്കുന്നത് വലിയ അപകടങ്ങള്‍ക്കും വഴിയൊരുക്കുന്നതായും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.