കൊല്ലം : സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ പുതുക്കാത്ത ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്കിയ ഇടത് സര്‍ക്കാരിന്റെ നിലപാടിനെ അനുകൂലിച്ച് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച സര്‍ക്കാര്‍ നടപടിയില്‍ കെസിബിസി മദ്യവിരുദ്ധ സമിതി കൊല്ലം രൂപത കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഇത് മുന്‍ നിലപാടില്‍നിന്നുള്ള മലക്കം മറിച്ചിലും കടുത്ത ജനവഞ്ചനയും ആണെന്ന് യോഗം ചൂണ്ടിക്കാട്ടി. മദ്യവിപത്തിന്റെ രൂക്ഷമായ പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്ത് യാതൊരു കാരണവശാലും മദ്യശാലയുടെ എണ്ണം ക്രമാതീതമായി വര്‍ധിപ്പിക്കുന്ന എല്ലാ നടപടികളില്‍നിന്നും സര്‍ക്കാര്‍ പിന്തിരിയണം.
ബാറുകള്‍ ഉള്‍പ്പടെ കള്ളും വിദേശ മദ്യവും ബിയറും വൈനും ലഭ്യമാകുന്ന ആയിരക്കണക്കിന് മദ്യശാലകള്‍ നിലനില്‍ക്കേ വീണ്ടും അവ അനുവദിക്കാനുള്ള അണിയറ നീക്കം തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ നഗ്നമായ ലംഘനമാണ്. മദ്യ മുതലാളിത്ത താത്പര്യത്തിനായി ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥ ലോബിക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും സംസ്ഥാനത്ത് പുതിയ മദ്യശാലകള്‍ അനുവദിക്കുകയില്ല എന്നതുഉള്പ്പെടെ മദ്യത്തിന്റെ ഉത്പാദനവും വിതരണവും ഘട്ടം ഘട്ടമായി കുറയ്ക്കുന്ന മദ്യനയം ഉടന്‍ പ്രഖ്യാപിക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
കൊല്ലം രൂപതയുടെ സപ്ത ശതാബ്ദി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ത്രിവത്സര ലഹരിവിരുദ്ധ കര്‍മ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കാന്‍ യോഗം തീരുമാനിച്ചു.
സമിതി രൂപത പ്രസിഡന്റ് യോഹന്നാന് ആന്റണി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ബിനു തോമസ് തുപ്പാശേരി, സംസ്ഥാന സെക്രട്ടറി എ.ജെ. ഡിക്രൂസ്, സുരേഷ് റിച്ചാര്‍ഡ്, മേഴ്സി യേശുദാസ്, ഇ. എമേഴ്സണ്‍ ബിനു മൂതാക്കര, സന്തോഷ് സേവ്യയര്‍, ബി.സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.