വണ്ടൂർ: ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന "ജനസാക്ഷ്യം’ പരാതി പരിഹാര അദാലത്ത് വണ്ടൂരിൽ ഓഗസ്റ്റ് ഒന്നിന് സിയന്ന ഓഡിറ്റോറിയത്തിൽ നടക്കും. റവന്യു മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്യും.
ഇതുമായി ബന്ധപ്പെട്ട് വണ്ടൂർ ഗ്രാമപഞ്ചായത്തിൽ ചേർന്ന സ്വാഗതസംഘ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർഹാജി ഉദ്ഘാടനം ചെയ്തു. തീർപ്പാക്കാത്ത പരാതികൾക്ക് പരിഹാരം കാണുകയാണ് ലക്ഷ്യം.
ജില്ലാ പഞ്ചായത്ത് ഡിവിഷൻ അടിസ്ഥാനത്തിലാണ് അദാലത്തുകൾ നടക്കുന്നത്. അന്നു രാവിലെ 9.30 മുതൽ 1.30 വരെ പരാതികൾ സ്വീകരിക്കും. അദാലത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കളക്ടറും 46 വിവിധ വകുപ്പ് മേധാവികളും ഉപമേധാവികളും പങ്കെടുക്കും.
പൊതുജനങ്ങൾക്ക് നേരിട്ട് പരാതി സമർപ്പിക്കാൻ ഹെൽപ്പ് ഡെഡ്കുകൾ പ്രവർത്തിക്കും. ഗൂഗിൾ ഫോം വഴി വണ്ടൂർ ജില്ലാ പഞ്ചായത്ത് ഡിവിഷൻ പരിധിയിലുള്ളവർക്ക് ഇന്നുമുതൽ പരാതി അയക്കാം. അദാലത്തിൽ പരിഹരിക്കാവുന്ന പരാതികൾ അപ്പോൾ തന്നെ പരിഹരിക്കുകയും അല്ലാത്തത് അതത് വകുപ്പിന് കൈമാറും.
പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ ആലിപ്പറ്റ ജമീല അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സണ് കെ.ടി. അജ്മൽ, ബ്ലോക്ക് പ്രസിഡന്റ് സുമ താരിയൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ടി. ഷംസുദീൻ, പി.ആർ. രോഹിൽ നാഥ്, കെ.കെ. പുഷ്പവല്ലി, സുമ താരിയൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി. മുഹമ്മദാലി തുടങ്ങിയവർ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews Adalat