പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്തിലെ 15, 16 വാര്‍ഡുകളില്‍ കിഴിഞ്ഞാണ്യം കുറക്കന്കുന്ന് ഭാഗത്ത് മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുന്നു. സമീപ ദിവസങ്ങളില്‍ വയനാട്ടിലേക്ക് യാത്ര പോയി തിരിച്ചെത്തിയവരിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. നിലവില്‍ പതിനാറിലധികം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതിന് പുറമേ, പേരാമ്പ്രയില്‍ മറ്റ് അഞ്ചുപേര്‍ക്ക് കൂടി പുതുതായി മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ പ്രദേശത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 21 ആയി ഉയര്‍ന്നു. രോഗ വ്യാപനം ശക്തമായതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. വയനാട്ടില്‍ നിന്ന് തിരിച്ചെത്തിയവരുമായി സമ്പര്ക്കത്തിലുണ്ടായവരിലൂടെയാണ് രോഗം കൂടുതല്‍ പേരിലേക്ക് പടര്‍ന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക നിഗമനം. മലിനമായ വെള്ളവും ഭക്ഷണവും വഴിയാണ് മഞ്ഞപ്പിത്തം പ്രധാനമായും പകരുന്നത്.
പ്രദേശത്ത് ശുദ്ധജല സ്രോതസുകളും ഭക്ഷണശാലകളും ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധിച്ചു വരികയാണ്. രോഗവ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പ് കര്‍ശന പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. തുറന്നുവച്ച ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. നിലവില്‍ പേരാമ്പ്ര സ്കൂളില്‍ പേരാമ്പ്ര ഉപജില്ലാ കലോത്സവം നടന്നു വരികയാണ്. നിരവധി വിദ്യാര്‍ഥികളും പൊതുജനങ്ങളും പങ്കെടുക്കുന്ന വലിയൊരു ജനക്കൂട്ടം ഒത്തുകൂടുന്ന ഈ വേളയില്‍ രോഗ വ്യാപനം തടയുന്നതിനായി ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയിലാണ്.
കലോത്സവ നഗരിയിലും പരിസര പ്രദേശങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശുചിത്വ പരിശോധനകളും ആരോഗ്യ പ്രവര്‍ത്തകര്‍ ശക്തമാക്കിയിട്ടുണ്ട്. കലോത്സവത്തിന് എത്തുന്നവര്‍ കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണമെന്നും പുറത്ത് നിന്നുള്ള ഭക്ഷണം കഴിക്കുന്നതില്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്. കലോത്സവ വേദിയിലെ ഭക്ഷണശാലകളിലും കുടിവെള്ള വിതരണ കേന്ദ്രങ്ങളിലും ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധന നടത്തുന്നുണ്ട്.
Tags : Health Department Nattuvishesham Districtnews