റാണിപുരം ഹിൽ സ്റ്റേഷനിൽ നവീകരിച്ച ഡിടിപിസി ടൂറിസം കോംപ്ലക്സ് ഗസ്റ്റ് ഹൗസും സൗന്ദര്യവത്കരണ പദ്ധതികളും മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യുന്നു.
റാണിപുരം: ഹിൽ സ്റ്റേഷനുകളും സാഹസിക ടൂറിസവും ഫാം ടൂറിസവും ബീച്ചും കായലും ഉൾപ്പെടെ കാസർഗോഡ് ജില്ലയുടെ സമഗ്രമായ വിനോദസഞ്ചാര വികസന സാധ്യതകൾ ചർച്ച ചെയ്യുന്നതിനും പ്രാവർത്തികമാക്കുന്നതിനും വേദിയൊരുക്കുമെന്ന് വിനോദസഞ്ചാര-സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്.
റാണിപുരം ഹിൽ സ്റ്റേഷനിൽ നവീകരിച്ച ഡിടിപിസി ടൂറിസം കോംപ്ലക്സ് ഗസ്റ്റ് ഹൗസിന്റെയും സൗന്ദര്യവത്കരണ പദ്ധതികളുടെയും ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
റാണിപുരത്തെ ചിൽഡ്രൻസ് പാർക്ക് നവീകരിക്കുന്നതിന് പദ്ധതി തയാറാക്കി സമർപ്പിച്ചാൽ എത്രയും പെട്ടെന്ന് അംഗീകാരം നൽകി നടപ്പാക്കുമെന്ന് ഡിടിപിസിക്ക് മന്ത്രി ഉറപ്പുനൽകി. കേരള ടൂറിസത്തിന്റെ മാർക്കറ്റിംഗ് ശൃംഖലയിൽ കാസർഗോഡ് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ കൂടി ഉൾപ്പെടുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കും. റാണിപുരം പോലുള്ള കേന്ദ്രങ്ങൾ ടൂറിസം മാർക്കറ്റിംഗിൽ ഇടം നേടിയാൽ വിദേശ വിനോദസഞ്ചാരികളടക്കം ഇവിടെയെത്തുമെന്ന് മന്ത്രി പറഞ്ഞു.
ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം, സ്ഥിരം സമിതി ചെയർപേഴ്സൺ ഇർഫാന ഇക്ബാൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ബിന്ദു, പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ്, സ്ഥിരം സമിതി ചെയർപേഴ്സൺ കെ.ജെ. ജയിംസ്, ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ്, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം.എ. നസീബ്, ഡിടിപിസി സെക്രട്ടറി കെ.കെ. ജിജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
Tags : district's tourism d:evelopment Nattuvishesham DistrictNews