ഡ്രസ് ബാങ്ക് താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യുന്നു.
തിരുവമ്പാടി: അവശതകൾ അനുഭവിക്കുന്ന നിർധനരായ സഹോദരങ്ങൾക്ക് പ്രതിഫലേച്ഛയില്ലാതെ സഹായമെത്തിക്കുന്ന സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ജീവകാരുണ്യ രംഗത്ത് ഉത്തമ മാതൃകയാണെന്ന് താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെതാമരശേരി സെൻട്രൽ കൗൺസിലിന് കീഴിൽ തിരുവമ്പാടി ഹോളി ഫാമിലി കോൺഫറൻസിന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്നേഹസ്പർശം ഡ്രസ് ബാങ്കിന്റെ ഉദ്ഘാടനവും വെഞ്ചിരിപ്പും നിർവഹിക്കുകയായിരുന്നു അദ്ദേഹം. സൊസൈറ്റിയുടെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുതിയ സംരംഭത്തിന് തുടക്കമിട്ടത്.
പുതിയ വസ്ത്രങ്ങളും ഉപയോഗയോഗ്യമായ പഴയ വസ്ത്രങ്ങളും ഡ്രസ് ബാങ്കിൽ ശേഖരിക്കും. മുതിർന്നവർക്കും കുട്ടികൾക്കുമുള്ള വസ്ത്രങ്ങൾ ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങൾക്കും ഇവിടെനിന്ന് സൗജന്യമായി തെരഞ്ഞെടുക്കാം.
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന വികാരി ഫാ. തോമസ് നാഗപറമ്പിൽ അധ്യക്ഷത വഹിച്ചു. സി.കെ. കാസിം എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി താമരശേരി സെൻട്രൽ കൗൺസിൽ പ്രസിഡന്റ് ഐസക് പാറക്കുളങ്ങര സന്ദേശം നൽകി.
ഹോളി ഫാമിലി കോൺഫറൻസ് പ്രസിഡന്റ് മത്തായി പുളിയിലക്കാട്ട്, പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, പഞ്ചായത്തംഗങ്ങളായ മറിയാമ്മ ബാബു, ബോസ് ജേക്കബ്, സ്നേഹാലയം കൺവീനർ തോമസ് കൊച്ചുപ്ലാക്കൽ, ലിസ ആശുപത്രി എംഡി ഡോ. പി.എം. മത്തായി, മാര്ക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ബാബു പൈക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു. സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി തിരുവമ്പാടി ഏരിയ കൗൺസിൽ പ്രസിഡന്റ് റോയി പുളിയിലക്കാട്ട്, ഹോളി ഫാമിലി കോൺഫറൻസ് വൈസ് പ്രസിഡന്റ് ജോർജ് മുണ്ടാട്ട്, യൂത്ത് കോൺഫറൻസ് വനിതാ വിഭാഗം പ്രസിഡന്റ് അൽവിന ജെയിംസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.