കൂത്താട്ടുകുളം നഗരത്തിലെ റോഡുകളുടെയും നടപ്പാതകളുടെയും ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് നഗരസഭാ ചെയർപേഴ്സണിന്റെ അധ്യക്ഷയിൽ ചേർന്ന അവലോകനയോഗം.
കൂത്താട്ടുകുളം: നഗരത്തിലെ റോഡുകളുടെയും നടപ്പാതകളുടെയും ശോചനീയാവസ്ഥ പരിഹരിക്കുന്നതിനും ടൗണിൽ നിരന്തരമായി നേരിടുന്ന വെള്ളക്കെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനുമായി നഗരസഭാ ചെയർപേഴ്സൺ റെജി ജോണിന്റെ അധ്യക്ഷതയിൽ അടിയന്തര അവലോകനയോഗം ചേർന്നു.
മഴക്കാലത്ത് പെയ്യുന്ന വെള്ളം അഴുക്കുചാലുകളിലേക്ക് സുഗമമായി ഒഴുകിയെത്താനുള്ള വിപുലമായ ക്രമീകരണങ്ങൾ ചെയ്യാനും ആവശ്യമെങ്കിൽ റോഡിൽ കൂടുതൽ കലിങ്കുകൾ നിർമിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കാനും യോഗത്തിൽ തീരുമാനമായി. ഇതിനാവശ്യമായ എസ്റ്റിമേറ്റ് തയാറാക്കാൻ പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂത്താട്ടുകുളം എസ്ബിഐക്ക് മുന്നിലെ സ്ഥിരം വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഈ ഭാഗത്ത് പുതിയ ഓട നിർമിക്കുന്നതിനുള്ള നടപടികളും ഇതിനോടൊപ്പം ഉണ്ടാകും.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അഴുക്കുചാലുകൾക്ക് മുകളിലെ സ്ലാബുകൾ തകർന്നു കിടക്കുന്നതും മാർക്കറ്റ് റോഡിലെ സ്ലാബുകളുടെ ഏറ്റക്കുറച്ചിലുകളും അടിയന്തരമായി പരിഹരിക്കണമെന്ന് കൗൺസിലർമാർ യോഗത്തിൽ ആവശ്യപ്പെട്ടു. ഇതിനുപുറമെ, രാമപുരം കവലയിൽ വ്യാപാര സ്ഥാപനത്തിന് മുന്നിലായി കാലങ്ങളായി നിലകൊള്ളുന്ന വൈദ്യുതി പോസ്റ്റുകളുടെ കോൺക്രീറ്റ് ബേസ്മെന്റ് അപകടാവസ്ഥയിൽ തുടരുന്നതിനാൽ ഇവയും അടിയന്തരമായി നീക്കം ചെയ്യണമെന്ന് ശക്തമായ ആവശ്യം ഉയർന്നു.
നഗരസഭയിൽ നടന്ന അവലോകനയോഗത്തിൽ മൂവാറ്റുപുഴ പിഡബ്ല്യുഡി റോഡ്സ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയർ ജൂലിൻ ജോസഫ്, കാക്കനാട് പിഡബ്ല്യുഡി റോഡ് മെയിന്റനൻസ് വിഭാഗം അസിസ്റ്റന്റ് എൻജിനിയർ സി.ടി. ശ്രീലത, കൂത്താട്ടുകുളം പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനിയർ ടി. വിനീത്, കൂത്താട്ടുകുളം വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എൻജിനിയർ ഡിനിൽ വർഗീസ്, ഓവർസിയർമാരായ സരിത ജോഷി, പി.സി. ശാന്ത, നഗരസഭ വൈസ് ചെയർപേഴ്സൺ ലിസി ജോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പ്രിൻസ് പോൾ ജോൺ, പി.സി. ഭാസ്കരൻ, ബിജു ജോൺ, ടി.എസ്. സാറ, കൗൺസിലർമാരായ മർക്കോസ് ഉലഹന്നാൻ, സണ്ണി കുര്യാക്കോസ്, മായ വിശ്വനാഥൻ, സനൂപ് കുളംമ്പാടം, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.ആർ. സുനിൽകുമാർ തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു.
Tags : Maintenance of roads in Koothattukulam Nattuvishesham DistrictNews