ഓവറോൾ ചാമ്പ്യൻപട്ടം നേടിയ നീലേശ്വരം ഹയർ സെക്കൻഡറി സ്കൂൾ.
തിരുവമ്പാടി : മൂന്ന് ദിവസങ്ങളിലായി തിരുവമ്പാടിക്ക് ആഘോഷ രാവുകളും പകലുകളും സമ്മാനിച്ച മുക്കം ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു.
വിവിധ വിഭാഗങ്ങളിൽ ആവേശകരമായ ഇഞ്ചോടിഞ്ച് പോരാട്ടം അരങ്ങേറിയ കലോല്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 232 പോയിന്റ് നേടി നീലേശ്വരം ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻപട്ടം കരസ്ഥമാക്കി. 221 പോയിന്റ് നേടിയ ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിനാണ് രണ്ടാം സ്ഥാനം.ഹൈസ്കൂൾ വിഭാഗത്തിൽ കൊടിയത്തൂർ പിടിഎം.ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം നേടി. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
യുപി വിഭാഗത്തിൽ ജിയുപിഎസ്. മണാശേരി, ആസാദ് മെമ്മോറിയൽ യുപി സ്കൂൾ കാരമൂല, സേക്രഡ് ഹാർട്ട് യുപി സ്കൂൾ തിരുവമ്പാടി, ജിഎംയുപി സ്കൂൾ കൊടിയത്തൂർ എന്നിവ ഒന്നാം സ്ഥാനം പങ്കിട്ടു. പന്നിക്കോട് എയുപി സ്കൂൾ, ലിറ്റിൽ ഫ്ലവർ യുപി. സ്കൂൾ വേനപ്പാറ, ഇൻഫന്റ് ജീസസ് സ്കൂൾ തിരുവമ്പാടി എന്നിവ രണ്ടാം സ്ഥാനവും നേടി.എൽപി വിഭാഗത്തിൽ ഇൻഫന്റ് ജീസസ് സ്കൂൾ തിരുവമ്പാടി, ജിഎംയുപി സ്കൂൾ കൊടിയത്തൂർ, സെന്റ് ജോസഫ് എൽപി സ്കൂൾ പുല്ലൂരാംപാറ, സിഎച്ച് എൽപി സ്കൂൾ നെല്ലിക്കാപറമ്പ്, സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ കൂടരഞ്ഞി എന്നിവ ഒന്നാം സ്ഥാനം പങ്കിട്ടു.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് അധ്യക്ഷത വഹിച്ചു. സി.കെ. കാസിം എംഎൽഎ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.